Kerala
സ്ഥാന ചലനം;  സെന്‍കുമാര്‍ പരാതി നല്‍കിസ്ഥാന ചലനം; സെന്‍കുമാര്‍ പരാതി നല്‍കി
Kerala

സ്ഥാന ചലനം; സെന്‍കുമാര്‍ പരാതി നല്‍കി

admin
|
27 July 2017 1:16 AM GMT

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ഡിജിപി ടി പി സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചു

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ഡിജിപി ടിപി സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ചട്ടങ്ങള്‍ ലംഘിച്ചാണ് തന്റെ സ്ഥാനമാറ്റമെന്ന് ആരോപിച്ച് സെന്‍കുമാര്‍ ട്രൈബ്യൂണലില്‍ ഹരജി നല്‍കി. ഹരജിയിന്‍മേല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഹരജി ചൊവ്വാഴ്ച്ച പരിഗണിക്കും.

സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെ ചുമതലയുളള സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ ടിപി സെന്‍കുമാറിനെ മാറ്റിയത്. എന്നാലിത് ചട്ടലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഹരജി നല്‍കിയത്. സുപ്രീംകോടതി വിധിയും കേരള പൊലീസ് ആക്ടും അഖിലേന്ത്യ സര്‍വ്വീസ് ചട്ടങ്ങളും ലംഘിച്ചാണ് തന്നെ സ്ഥലം മാറ്റിയതെന്ന് സെന്‍കുമാറിന്റെ പരാതിയില്‍ പറയുന്നു. ഒരു ഉദ്യോഗസ്ഥനെ ഒരു തസ്തികയില്‍ നിയമിച്ചാല്‍ രണ്ടുവര്‍ഷത്തേക്ക് മതിയായ കാരണങ്ങളില്ലാതെ മാറ്റാന്‍ പാടില്ലെന്ന ചട്ടം തന്റെ കാര്യത്തില്‍ ലംഘിക്കപ്പെട്ടു. തന്‍റേത് വെറും സ്ഥാനമാറ്റമല്ല, മറിച്ച് തരംതാഴ്ത്തലാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. ജനങ്ങള്‍ക്ക് അതൃപ്തിയുള്ളതുകൊണ്ടാണ് തന്നെ മാറ്റിയെന്ന സര്‍ക്കാരിന്റെ വാദം ശരിയല്ലെന്നും പലകേസുകളും തന്റെ കീഴില്‍ തെളിയിക്കപ്പെട്ടതാണെന്നും സെന്‍കുമാര്‍ ഹരജിയില്‍ ചൂണ്ടികാട്ടുന്നു.

ഹരജി ഫയലില്‍ സ്വീകരിച്ച ട്രൈബ്യൂണല്‍ കേന്ദ്രത്തിനും സംസ്ഥാനസര്‍ക്കാരിനും നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. സെന്‍കുമാറിന് പകരം ചുമതലയേറ്റ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും നോട്ടീസയക്കും. ഹരജി ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും. തന്റെ സ്ഥാനമാറ്റത്തില്‍ സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ സ്ഥാനമൊഴിഞ്ഞശേഷം പരസ്യമായി തന്നെ ടിപി സെന്‍കുമാര്‍ പറഞ്ഞിരുന്നു. സ്ഥാനമാറ്റം കിട്ടിയ ടിപി സെന്‍കുമാര്‍ പുതിയ ചുമതലയേല്‍ക്കാതെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

Similar Posts