കണ്ണൂര്‍ സീറ്റിനായി സിപിഐയുടെ അവകാശവാദം
|സീറ്റ് ലഭിച്ചാല്‍ പന്ന്യന്‍ രവീന്ദ്രനെ രംഗത്തിറക്കി മണ്ഡലം പിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഐ നേതൃത്വം.
കണ്ണൂര്‍ സീറ്റിന് അവകാശവാദമുന്നയിച്ച് സിപിഐ. സീറ്റ് ലഭിച്ചാല്‍ പന്ന്യന്‍ രവീന്ദ്രനെ രംഗത്തിറക്കി മണ്ഡലം പിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഐ നേതൃത്വം.
യുഡിഎഫിന്റെ കുത്തകയായ ഇരിക്കൂറായിരുന്നു കഴിഞ്ഞ തവണ സിപിഐക്ക് കണ്ണൂരില്‍ ലഭിച്ചത്. എന്നാല്‍ ഇത്തവണ ഇരിക്കൂര്‍ വേണ്ടെന്ന് സിപിഐ ഉറപ്പിച്ചു കഴിഞ്ഞു. പകരം കണ്ണൂര്‍ സീറ്റ് തങ്ങള്‍ക്ക് വേണമെന്നാണ് സിപിഐയുടെ നിലപാട്. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായ കണ്ണൂരില്‍ ജനകീയ നേതാവായ പന്ന്യന്‍ രവീന്ദ്രനെ മത്സരിപ്പിച്ച് മണ്ഡലം പിടിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിപിഐ.
ഇനി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടങ്കിലും നേതൃതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പന്ന്യനെ കണ്ണൂരില്‍ മത്സരിപ്പിക്കാന്‍ ജില്ലാ നേതൃത്വം ശ്രമം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് എസിനായിരുന്നു എല്‍ഡിഎഫ് കണ്ണൂര്‍ സീറ്റ് നല്‍കിയത്. ഇത്തവണയും കണ്ണൂര്‍ വേണമെന്ന് ഇവര്‍ ഉറച്ച നിലപാടെടുത്താല്‍ അഴീക്കോടോ കൂത്തുപറമ്പോ വിട്ടുനല്‍കണമെന്നാണ് സിപിഐയുടെ ആവശ്യം. ഇതിനിടയില്‍ ഐഎന്‍എല്ലും കണ്ണൂര്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.