ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി
|ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരെന്ന് ഹൈക്കോടതി. ധനകാര്യവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാം.
വിജിലന്‍സ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് ഹൈക്കോടതി. കോടതിക്ക് ഇക്കാര്യത്തില്‍ നിർദ്ദേശം നല്‍കാനാവില്ല. ജേക്കബ് തോമസിനെ മാറ്റണമെന്ന് കോടതി നിർദ്ദേശിച്ചിട്ടില്ലെന്നും ഇത് തെറ്റായ വാർത്തയാണെന്നും കോടതി വ്യക്തമാക്കി
തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ സോളാർ പാനല്‍ സ്ഥാപിച്ചതിലും മറ്റും അഴിമതി നടന്നുവെന്ന ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് കോടതിയുടെ വിശദീകരണം. വിജിലന്‍സ് ഡയറക്ടർക്കെതിരെ നടപടി സ്വീകരിക്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാരിനാണ്. കോടതിക്ക് ഇക്കാര്യത്തില്‍ നിർദ്ദേശങ്ങള്‍ നല്‍കാനാവില്ല. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ സർക്കാരിന് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. ധനവകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ സർക്കാരിന് ഉചിതമായ നടപടി സ്വീകരിക്കാം.
നേരത്തെ ജേക്കബ് തോമസിനെ വിജിലന്സ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് കോടതി നിർദ്ദേശം നല്‍കിയെന്ന തരത്തില്‍ പുറത്തുവന്ന വാർത്തകള്‍ ശരിയല്ല. മാധ്യമങ്ങള്‍ തെറ്റായ റിപ്പോർട്ടുകളാണ് നല്‍കുന്നത്. ഇത് ഗൌരവമായി കാണേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നല്കി. വിജിലന്സിനെതിരെ പരാതികളും വിമർശനങ്ങളും ഉയർന്നിട്ടും സർക്കാർ നടപടി എടുക്കാത്തതെന്താണ് എന്നാണ് ചോദിച്ചതെന്ന് കോടതി വ്യക്തമാക്കി. കോടതി വാർത്തകളുടെ തുടർച്ചയായി സംസ്ഥാന സർക്കാർ ജേക്കബ് തോമസിനെ വിജിലന്സ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. ഡിജിപി ലോക്നാഥ് ബെഹറയെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.ജേക്കബ് തോമസ് ഇപ്പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.