Kerala
വേമ്പനാട് കായലിനടുത്ത് അനധികൃത നിലം നികത്തല്‍വേമ്പനാട് കായലിനടുത്ത് അനധികൃത നിലം നികത്തല്‍
Kerala

വേമ്പനാട് കായലിനടുത്ത് അനധികൃത നിലം നികത്തല്‍

Khasida
|
10 Aug 2017 7:08 AM GMT

രണ്ട് മാസത്തോളമായി കായലില്‍ നിന്ന് ട്രഡ്ജ് ചെയ്ത് മണ്ണെടുത്താണ് അനധികൃതമായി ഇവിടം നികത്തുന്നത്

ആലപ്പുഴയില്‍ വേമ്പനാട് കായലിനരികെ അനധികൃതമായി നിലം നികത്തല്‍ വ്യാപകമാകുന്നു. വില്ലേജ് ഓഫീസര്‍ നിരോധന ഉത്തരവ് നല്‍കിയിട്ടും അരൂക്കുറ്റി കൈതപ്പുഴ ഭാഗത്ത് ഒന്നരയേക്കറോളം സ്ഥലമാണ് അനധികൃതമായി നികത്തുന്നത്. കണ്ടല്‍കാടുകളും കൃഷിഭൂമിയും ഉള്‍പെട്ട സ്ഥലമാണ് ഇവിടെ നികത്തുന്നത്. കൃഷിഭൂമിയെന്ന പേരില്‍ സര്‍ക്കാരിന്റെ ഡാറ്റാ ബാങ്കില്‍ പെട്ട സ്ഥലമാണിത്.

കണ്ടല്‍ക്കാടുകളാല്‍ നിബിഡമായിരുന്ന ഈ ഭൂമി പെട്ടെന്നാണ് മതില്‍കെട്ടിനുള്ളിലാകുന്നത്. കണ്ടല്‍ നിറഞ്ഞതും ഒരു ഭാഗം കൃഷിഭൂമിയുമായിരുന്ന ഇവിടം വേഗത്തിലാണ് ഈ സ്ഥിതിലെത്തിയത്.

കൊച്ചി സ്വദേശികളായ രണ്ട് പേരുടെ ഉടമസ്ഥതയിലുള്ളതാണ് ഭൂമി. രണ്ട് മാസത്തോളമായി കായലില്‍ നിന്ന് ട്രഡ്ജ് ചെയ്ത് മണ്ണെടുത്താണ് അനധികൃതമായി ഇവിടം നികത്തുന്നത്. തെരഞ്ഞെടുപ്പ് സമയം മുതലടുത്താണ് നികത്തല്‍ കാര്യമായി നടന്നത്.

കേരളാ നെല്‍വയല്‍ തണ്ണീര്‍ത്തടനിയമം ലംഘിച്ച് നിര്‍ത്തുന്നുവെന്ന് കാട്ടി അരൂക്കുറ്റി വില്ലേജ് ഓഫീസര്‍ നികത്തല്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവിന് യാതൊരു വിലയും കല്‍പിച്ചില്ലെന്ന് വില്ലേജ് ഓഫീസര്‍ തന്നെ പറയുന്നു.

ഉത്തരവിന്റെ പകര്‍പ്പ് കൃഷി ഓഫീസര്‍ക്ക് നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നും പരാതിയുണ്ട്.

പ്രശ്‌നത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നെങ്കിലും പ്രദേശത്തെ രാഷ്ട്രീയപ്പാര്‍ട്ടികളടക്കമുള്ളവരുടെ ഇടപെടല്‍ ഭൂമിയുടെ ഉടമക്ക് സഹായകരമായെന്ന് ആക്ഷേപമുണ്ട്.

Similar Posts