രാഷ്ട്രീയ പാര്‍ട്ടികള്‍ ഓര്‍ത്തഡോക്സ് സഭയെ അവഗണിച്ചുവെന്ന് കാതോലിക്ക ബാവ
|സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് പരിഗണിച്ചില്ല
ഓര്‍ത്തഡോക്സ് സഭയ്ക്ക് കഴിഞ്ഞ കാലങ്ങളില്‍ വലിയ അവഗണനയാണ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുണ്ടായതെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ കാതോലിക്ക ബാവ. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് പരിഗണിച്ചില്ല. ഉമ്മന്‍ ചാണ്ടി സഭാംഗമെന്ന് ആലങ്കാരികമായി പറയാമെന്നു മാത്രമെന്നും ബസേലിയസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ മീഡിയവണിനോട് പറഞ്ഞു.
കാലാകാലങ്ങളിലായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഓര്‍ത്തഡോക്സ് സഭയോട് വലിയ അവഗണനയാണ് കാട്ടിയത്. ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഭയെ പരിഗണിക്കണമെന്ന് ഔദ്യോഗികമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ആവശ്യപ്പെട്ടിരുന്നുവെന്ന് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ കാതോലിക്ക ബാവാ പറഞ്ഞു.
ഇടതുപക്ഷവും കേരളാ കോണ്‍ഗ്രസ് എമ്മും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നീതി കാട്ടിയപ്പോള്‍ കോണ്‍ഗ്രസ് വീണ്ടും അവഗണന കാട്ടി. ഉമ്മന്‍ ചാണ്ടി സഭാംഗമെന്ന് ആലങ്കാരികമായി പറയാം എന്നു മാത്രം. സഭാ തര്‍ക്കങ്ങളില്‍ ഉമ്മന്‍ ചാണ്ടി ഓര്‍ത്തഡോക്സ് സഭയ്ക്കുവേണ്ടി നീതിപൂര്‍വം പ്രവര്‍ത്തിച്ചില്ല.
ആറന്‍മുള സ്ഥാനാര്‍ഥി വീണാ ജോര്‍ജിനെ വ്യക്തി എന്ന നിലയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. വ്യക്തി പ്രഭാവംകൊണ്ടാണ് അവരെ സിപിഎം പരിഗണിച്ചത്.
ജനപിന്തുണ കൊണ്ടും തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലും വൈവിധ്യമുള്ള വ്യക്തിത്വങ്ങളാണ് വിഎസും പിണറായി വിജയനുമെന്ന് ബാവ പറഞ്ഞു. ഓര്‍ത്തഡോക്സ് യാക്കോബായ സഭകളുടെ തര്‍ക്കങ്ങളില്‍ ഇപ്പോള്‍ ഓരു സമവായ ചര്‍ച്ചകള്‍ക്കും പ്രസക്തിയില്ലെന്നും കോടതി വിധികളെ എല്ലാവരും മാനിക്കണമെന്നും കാതോലിക്ക ബാവ പറഞ്ഞു.