കൊടിയേരിക്ക് മറുപടിയുമായി കാനം; ആരുടേയും പ്രലോഭനത്തിന് വഴങ്ങിയല്ല മുന്നണിയിലെത്തിയത്
|സിപിഐയുടെ നിലപാടുകൾ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതിനാണ്. തങ്ങൾ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാട് കമ്യൂണിസത്തിന് ചേരില്ല. വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടാൻ തയാറാകണം
സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. എല്ലാം ശരിയെന്നു പറയുന്ന പാർട്ടിയല്ല സി.പി.ഐ എന്നാൽ ശരിയെന്നു തോന്നുന്നത് ചെയ്യുമെന്നും കാനം പറഞ്ഞു. ആരുടേയും പ്രലോഭനത്തിന് വഴങ്ങിയല്ല സിപിഐ മുന്നണിയിലെത്തിയത്. ആരുടേയും മുഖംനോക്കിയല്ല പാർട്ടി അഭിപ്രായം പറയുന്നത്. പാർട്ടി നിലപാടിനെ ചോദ്യം ചെയ്യാനുള്ള ആർജവം ആർക്കുമില്ല. സിപിഐയുടെ നിലപാടുകൾ ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്നും കാനം പറഞ്ഞു.
സിപിഐയുടെ നിലപാടുകൾ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതിനാണ്. തങ്ങൾ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാട് കമ്യൂണിസത്തിന് ചേരില്ല. വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടാൻ തയാറാകണം. അനുഭവങ്ങളിൽനിന്നും പാഠം പഠിക്കാൻ ആഗ്രഹിക്കുന്നവരാണ് തങ്ങളെന്നും കാനം പറഞ്ഞു. മഹിജയുടെ സമരം, മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍, പൊലീസ് വകുപ്പിന്റെ പ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെതിരെയും സിപിഎമ്മിനെതിരെയും കാനം രംഗത്തെത്തിയിരുന്നു.