പാര്‍ട്ടി ഏല്പിച്ച ദൌത്യം കളങ്കരഹിതമായി നിര്‍വഹിക്കും: മാത്യു ടി തോമസ്
|അനിശ്ചിതത്വങ്ങള്‍ക്കും നീണ്ട ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ഇടത് മന്ത്രിസഭയിലെ ജനതാദള്‍ എസിന്റെ പ്രതിനിധിയെ തീരുമാനിക്കാനായത്.
പാര്‍ട്ടി ഏല്പിച്ച ദൌത്യം കളങ്കരഹിതമായി നിര്‍വഹിക്കുമെന്ന് ജനാതാ ദള്‍ എസിന്റെ നിയുക്ത മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. മന്ത്രിയെ നിശ്ചയിക്കുന്നതില്‍ സംസ്ഥാന തലത്തില്‍ ബുദ്ധിമുട്ട് നേരിട്ടതിനാലാണ് ദേശീയ നേതൃത്വം ഇടപെട്ടത്. പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും, ഇരട്ട പദവി വഹിക്കാന്‍ തനിക്ക് താല്പര്യമില്ലെന്ന കാര്യം നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിട്ടുള്ളതാണെന്നും മാത്യു ടി തോമസ് പറഞ്ഞു.
അനിശ്ചിതത്വങ്ങള്‍ക്കും നീണ്ട ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ഇടത് മന്ത്രിസഭയിലെ ജനതാദള്‍ എസിന്റെ പ്രതിനിധിയെ തീരുമാനിക്കാനായത്. തര്‍ക്കങ്ങളെ തുടര്‍ന്ന് ദേശീയ നേതൃത്വം ഇടപെട്ടതോടെയാണ് തിരുവല്ലയില്‍ നിന്ന് നിയമസഭയിലെത്തിയ മാത്യു ടി തോമസിന് നറുക്ക് വീണത്. പാര്‍ട്ടി തന്നിലര്‍പ്പിച്ച വിശ്വസത്തിന് നന്ദി രേഖപ്പെടുത്തിയ മാത്യു ടി തോമസ് കളങ്ക രഹിതമായി പ്രവര്‍ത്തിക്കുമെന്നും പ്രതികരിച്ചു.
പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാവും താന്‍ പ്രവര്‍ത്തിക്കുകയെന്നും മാത്യു ടി തോമസ് പറഞ്ഞു. വി എസ് അച്യുതാനന്ദന് മന്ത്രിസഭയിലെ ഗതാഗത വകുപ്പും മോട്ടോര്‍ വാഹന വകുപ്പും കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു മാത്യു ടി. തോമസ്. പിന്നീട് വീരേന്ദ്രകുമാര്‍ ഇടതുമുന്നണിയുമായി പിണങ്ങിയതോടെയാണ് മന്ത്രിസ്ഥാനം രാജിവച്ചത്.
87 ലും 2006ലും 2011ലും തിരുവല്ലയില്‍ നിന്ന് വിജയിച്ചു. കേരള കോണ്‍ഗ്രസിന്റെ ജോസഫ് എം പുതുശേരിയെ 8262 വോട്ടിന് തോല്പിച്ചാണ് ഇത്തവണ മാത്യു ടി തോമസ് നിയമസഭയിലെത്തിയത്. മാത്യു ടി തോമസിലൂടെ പത്തനംതിട്ട ജില്ലയ്ക്ക് മന്ത്രിസഭയില്‍ പ്രതിനിധ്യം ലഭിക്കാനുള്ള അവസരവും ഒരുങ്ങി.