ഭിന്നലിംഗക്കാര്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം
|ഗുരുവായൂര്‍ സ്വദേശി ആയിഷ, കൊല്ലം പള്ളിക്കല്‍ സ്വദേശി പൂര്‍ണ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്
കൊച്ചിയില്‍ ഭിന്നലിംഗക്കാര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം. ഗുരുവായൂര്‍ സ്വദേശി ആയിഷ, കൊല്ലം പള്ളിക്കല്‍ സ്വദേശി പൂര്‍ണ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി വളഞ്ഞമ്പലത്ത് വെച്ചാണ് സംഭവം. റോഡില്‍ നില്‍ക്കുകയായിരുന്ന പൂര്‍ണയെയും സുഹൃത്ത് ആയിഷയെയും അകാരണമായി പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു. അതേസമയം പൊലീസിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാനും ശ്രമിച്ചതിന് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
വളഞ്ഞമ്പലത്ത് ഭക്ഷണം കഴിക്കാനെത്തിയതാണ് പൂര്‍ണയും സുഹൃത്ത് ആയിഷയും. ഇതേസമയം പട്രോളിംഗിനെത്തിയ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ പത്തോളം വരുന്ന പൊലീസുകാര്‍ ചേര്‍ന്നാണ് ഇരുവരെയും മര്‍ദ്ദിച്ചത്. ഗുരുതര പരുക്കേറ്റ ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം കയ്യേറ്റ ശ്രമം നടത്തിയതിനും അസഭ്യം പറഞ്ഞതിനും ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ടെന്നാണ് നോര്‍ത്ത് പൊലീസിന്റെ വിശദീകരണം. ഭിന്നലിംഗത്തില്‍ പെട്ടവരുടെ ഇടയില്‍ പരസ്പരമുള്ള അക്രമങ്ങളും മോഷണവും സംബന്ധിച്ചി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ മൂന്നാം ലിംഗത്തില്‍പെട്ട മലയാളികളും ഇതര സംസ്ഥാനക്കാരുമായി ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ട്രെയിനുകളില്‍ ഭിക്ഷാടനം നടത്തുന്ന ഇതര സംസ്ഥാനക്കാരായ ഭിന്നലിംഗക്കാര്‍ മറ്റുള്ളവരുമായി സംഘടിച്ചെത്തി മാരാകായുധങ്ങളുമായി തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് മലയാളികളായ ഭിന്നലിംഗക്കാരുടെ പക്ഷം. വിഷയത്തില്‍ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയെങ്കിലും മലയാളികളായ 11 പേര്‍ക്കെതിരെയാണ് നോര്‍ത്ത് പൊലീസ് കേസ് എടുത്തത്.