സമരത്തിന് പോയത് പ്രാദേശിക നേതൃത്വത്തെ അറിയിച്ച ശേഷം; പാര്‍ട്ടിക്ക് ശ്രീജിത്തിന്‍റെ വിശദീകരണം
|ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ കെ കെ ശ്രീജിത്ത് സിപിഎം ഏരിയാകമ്മറ്റിക്ക് കത്ത് നല്‍കി.
ഡിജിപി ഓഫീസിന് മുന്നിലെ സമരവുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ കെ കെ ശ്രീജിത്ത് സിപിഎമ്മിന് കത്ത് നല്‍കി. സമരത്തിനായി ഇഎംഎസ് സര്‍ക്കാരിന്‍റെ 60 ആം വാര്‍ഷികദിനം തെരഞ്ഞെടുത്ത് ബോധപൂര്‍വ്വമല്ലെന്നും കത്തില്‍ വിശദീകരിക്കുന്നു. ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ കുറ്റപ്പെടുത്തി പാര്‍ട്ടി നേതൃത്വം രംഗത്ത് എത്തിയ സാഹചര്യത്തിലാണ് ശ്രീജിത്തിന്‍റെ വിശദീകരണം.
സിപിഎം നാദാപുരം ഏരിയാ കമ്മറ്റിക്കാണ് കെ കെ ശ്രീജിത്ത് കത്ത് നല്‍കിയത്. ഇഎംഎസ് സര്‍ക്കാരിന്‍റെ അറുപതാം വാര്‍ഷിക ദിനം തന്നെ സമരത്തിനായി തിരഞ്ഞെടുത്തത് ഗൂഢാലോചനയാണെന്ന് സിപിഎം കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തെറ്റിദ്ധാരണ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശ്രീജിത്തിന്‍റെ കത്ത്. സമരത്തിന്‍റെ ദിവസം നിശ്ചയിച്ചത് ബോധപൂര്‍വ്വമല്ലെന്നും കൂടിക്കാഴ്ചയ്ക്കുള്ള സമയം നിശ്ചയിച്ചത് ഡിജിപിയാണെന്നും കത്തില്‍ വിശദീകരിക്കുന്നുണ്ട്. പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെയാണ് സമരത്തിനായി തിരുവനന്തപുരത്തേക്ക് പോയത്. മറ്റ് ഗൂഢമായ ഉദ്ദ്യേശങ്ങളില്ലെന്നും കത്തില്‍ പറയുന്നു.
വളയത്ത് സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തില്‍ പാര്‍ട്ടിയുമായി ജിഷ്ണുവിന്‍റെ കുടുംബം സമരത്തെ കുറിച്ച് ആലോചിച്ചില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. ശ്രീജിത്തിനോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നാണ് കത്ത് സംബന്ധിച്ച ചോദ്യത്തിന് ഏരിയാ സെക്രട്ടറിയുടെ പ്രതികരണം.