വ്യവസായ പാര്‍ക്കിനായി സ്ഥലം ഏറ്റെടുത്തതിലെ ക്രമക്കേട് അന്വേഷിക്കണമെന്ന റവന്യൂവകുപ്പ് ശിപാര്‍ശയും അട്ടിമറിച്ചു
![](/images/authorplaceholder.jpg)
റവന്യൂവകുപ്പിന്‍റെ ഉന്നത തല യോഗ തീരുമാനത്തിന്റെ രേഖ മീഡിയാവണിന്
നാളികേര വ്യവസയ പാര്‍ക്കിനായി കോഴിക്കോട് വേളത്തെ മണിമല എസ്റ്റേറ്റ് ഏറ്റെടുത്തതില്‍ ക്രമക്കേട് നടന്നുവെന്ന് റവന്യൂവകുപ്പിന്റെ ഉന്നത തല യോഗം വിലയിരുത്തിയതിന്റെ രേഖ മീഡിയാവണിന്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ വിലയിരുത്തല്‍ നടത്തിയത്. മണിമല എസ്റ്റേറ്റ് ഏറ്റെടുത്തതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന ശിപാര്‍ശ ഈ മിനുട്സില്‍ എഴുതിയിരുന്നെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല.
കൂടുതല്‍ വില ലഭിക്കാന്‍ മണിമല എസ്റ്റേറ്റിന്‍റെ ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കോഴിക്കോട് ജില്ലാ കളക്ടറും കോടതിയലക്ഷ്യ നടപടികള്‍ നേരിട്ട സാഹചര്യത്തിലായിരുന്നു യോഗം. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ഏപ്രില്‍ 23ന് നടന്ന ഉന്നതതല യോഗത്തിന്റെ മിനുട്സാണിത്. മണിമല എസ്റ്റേറ്റിന്‍റ ഉടമകള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനായിരുന്നു യോഗത്തിലെ ഒരു തീരുമാനം. ഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്നും അതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടാനും യോഗം തീരുമാനിച്ചതായി മിനുട്സിലുണ്ട് .ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകാനുള്ള തീരുമാനം ആഴ്ചകള്‍ക്കുള്ളില്‍ നടപ്പായി. എന്നാല്‍ വിജിലന്‍സ് അന്വേഷണം ഇനിയും ആരംഭിച്ചിട്ടില്ല