ഷിബിന്‍ വധക്കേസ് വിധി പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് വിലയിരുത്തല്‍
|ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം
നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊലക്കേസിലെ പ്രതികളെ വെറുതെ വിട്ട സാഹചര്യത്തില്‍ ഹൈക്കോടതിയെ ഉടന്‍ സമീപിക്കാന്‍ സിപിഎം തീരുമാനം. എരഞ്ഞിപ്പാലം സ്പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി പാര്‍ട്ടിക്ക് തിരിച്ചടിയായതായാണ് വിലയിരുത്തല്‍. കേസിന്റെ അന്വേഷണ ഘട്ടത്തില്‍ പോലീസിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്.
ഷിബിന്‍ വധക്കേസില്‍ കുറ്റാരോപിതരായ 17 പേരെയും വെറുതെ വിട്ടുകൊണ്ടുള്ള വിധി ആശ്ചര്യത്തോടെയാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ വീക്ഷിച്ചത്. പോലീസിന്റെ അന്വേഷണ രീതിയെ കുറ്റപ്പെടുത്തുന്ന നിലപാട് അന്വേഷണ സമയത്തും പാര്‍ട്ടി സ്വീകരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പ്രതികൂല വിധി വന്ന സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ പഴിക്കാനും നേതൃത്വം തയ്യാറായില്ല എന്നതു ശ്രദ്ധേയമാണ്.
നേതൃത്വം ആവശ്യപ്പെട്ടതനനുസരിച്ചാണ് സിപിഎം അഭിഭാഷകനായ കെ വിശ്വനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചത്. കേസ് നടത്തിപ്പില്‍ വീഴ്ച വന്നിട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് പാര്‍ട്ടി. എന്നാല്‍ പ്രതികൂല വിധി ഉണ്ടായ സാഹചര്യത്തില്‍ അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കാനാണ് തീരുമാനം..പ്രതികൂല വിധിയുണ്ടായെങ്കിലും അണികള്‍ സംയമനം പാലിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു...അതേ സമയം നാദാപുരം മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.