വിവരാവകാശ നിയമം: വിവാദം അനാവശ്യമെന്ന് തോമസ് ഐസക്
|48 മണിക്കൂറിനകം മന്ത്രിസഭാ തീരുമാനങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ആദ്യ സംസ്ഥാനം കേരളമാണെന്ന് തോമസ് ഐസക്
മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിടുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ അനാവശ്യമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. 48 മണിക്കൂറിനകം മന്ത്രിസഭാ തീരുമാനങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ആദ്യ സംസ്ഥാനം കേരളമാണ്. ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് പരിശോധിക്കാത്തവയാണ് പുറത്തുവിടാന്‍ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മന്ത്രിസഭാ തിരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം ജനങ്ങള്‍ക്ക് ലഭ്യമാക്കില്ലെന്ന നിലപാടില്‍ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്കി. പിണറായി വിജയന്റെ മുന്‍നിലപാടുകള്‍ക്ക് കടക വിരുദ്ധമാണ് വിവരാവകാശം നിയമം സംബന്ധിച്ച ഇപ്പോഴത്തെ പ്രസ്താവനയെന്ന് ചെന്നിത്തല കത്തില്‍ ആരോപിക്കുന്നു.
ഈ നിലപാട് മാറ്റത്തിന് കേരളം ഒരിക്കലും മാപ്പുനല്‍കില്ല. യുഡിഎഫ് സര്‍ക്കാരിനെതിരെ പിണറായി ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമായിരുന്നെന്ന് തെളിഞ്ഞിരിക്കുകയാണ്. പിണറായി സര്‍ക്കാര്‍ പലതും ജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു. ഇടത് സര്‍ക്കാര്‍ സംസ്ഥാന വിവരാവകാശ കമ്മീഷനെ നിശ്ചലമാക്കി. വിവരാവകാശ നിയമ പ്രകാരം മന്ത്രിസഭാ തിരുമാനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കില്ലെന്ന ദുശ്ശാഠ്യത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.