വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് നയപ്രഖ്യാപനം
|ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ നിരവധി മാറ്റങ്ങള്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാരിന്റെ നയ പ്രഖ്യാപനത്തില്‍ പറയുന്നു
വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് സര്‍ക്കാരിന്റെ നയപ്രഖ്യാപനം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്ത്രീ, പിന്നാക്ക വിഭാഗത്തിന്റെ സംരക്ഷണത്തിനും ഊന്നല്‍ നല്‍കും. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലും നിരവധി മാറ്റങ്ങള്‍ നടപ്പിലാക്കുമെന്നും സര്‍ക്കാരിന്റെ നയ പ്രഖ്യാപനത്തില്‍ പറയുന്നു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. അഞ്ച് വര്‍ഷം കൊണ്ട് 25 ലക്ഷം തൊഴിലസരങ്ങള്‍ സൃഷ്ടിക്കും. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ 15 ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കും. ഐടി മേഖലയില്‍ 10 ലക്ഷം തൊഴിലവസരങ്ങളും നടപ്പിലാക്കും. പുതുതായി 1500 സ്റ്റാര്‍ട്ടപ്പുകളും ആരംഭിക്കും. വികസപദ്ധതികള്‍ക്ക് ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കും. സംസ്ഥാനത്തെ പട്ടിണിമുക്തമാക്കാനും നടപടികള്‍ കൈക്കൊളളും. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് നികുതി പിരിവ് കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. സാമ്പത്തിക അച്ചടക്കത്തിന് നടപടി സ്വീകരിക്കും. റവന്യൂ വരുമാനം കൂട്ടാന്‍ നടപടിയെടുക്കും. തദ്ദേശ സ്ഥാപനങ്ങളിലും പൊതുമരാമത്ത് പദ്ധതികളിലും സോഷ്യല്‍ ഓഡിറ്റിങ് നടപ്പാക്കും.
ആരോഗ്യമേഖലയിലെ സമഗ്ര വികസനത്തിനായി പദ്ധതികള്‍ കൈകൊളളും. ജില്ലാ ആശുപത്രികള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റികളാക്കി മാറ്റും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കും. രോഗപ്രതിരോധ സംവിധാനം കരുത്തുറ്റതാക്കും. കുട്ടികളുടെ നൈപുണ്യ വികസനത്തിനായും നടപടികള്‍ കൈക്കൊളളും. എട്ട് മുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക് ആക്കുമെന്നും പ്രഖ്യാപനമുണ്ട്. കാര്‍ഷിക മേഖലയിലെ വളര്‍ച്ചക്കായി കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാനും നെല്‍കൃഷി വ്യാപിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ജൈവ പച്ചക്കറി കൃഷി വ്യാപകമാക്കും. നാല് ശതമാനം പലിശയിളവില്‍ കാര്‍ഷിക വായ്പ നല്‍കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.
പ്രധാന പ്രഖ്യാപനങ്ങള്‍
- വരുമാനം കൂട്ടിയും ചെലവ് കുറച്ചും സാമ്പത്തിക അച്ചടക്കം നടപ്പാക്കും
- ഈ സര്‍ക്കാറിന്റെ കാലത്ത് ട്രഷറി നിയന്ത്രണം ഉണ്ടാവില്ല
- നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ക്ക്‍ ബജറ്റിന് പുറത്തുനിന്ന് പണം കണ്ടെത്തും
- ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിക്കും
- വിശപ്പ് രഹിത സംസ്ഥാനമാക്കും
- സ്കൂള്‍ വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും
- ഭൂമി ഏറ്റെടുക്കുമ്പോള്‍ മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും
- അടിസ്ഥാന സൌകര്യ വികസനത്തിന് പുതിയ വന്‍കിട പദ്ധതികള്‍ തുടങ്ങും
- ഐടി, ടൂറിസം മേഖലകളില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍
- കാര്‍ഷിക മേഖലയില്‍ 15 ലക്ഷം പേര്‍ക്ക് ജോലി
- 10 ലക്ഷം യുവാക്കള്‍ക്ക് സംരംഭക പരിശീലനവും ധനസഹായവും
- കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ് സ്ഥാപിക്കും, സെക്രട്ടേറിയറ്റ് ഉള്‍പെടുത്തും
- സേവനാവകാശ നിയമം ശക്തിപ്പെടുത്തും
- ജന്‍ഡര്‍ സൌഹൃദ സംസ്ഥാനമാക്കും
- കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക വകുപ്പ് രൂപീകരിക്കും
- തദ്ദേശ സ്ഥാപനങ്ങളില്‍ സോഷിയല്‍ ഒഡിറ്റ്
- ക്രമസമാധാനപാലനം ശക്തിപ്പെടുത്തും
- തൊഴിലില്ലായ്മക്ക് പരിഹാരം കാണും
- സാമൂഹ്യസുരക്ഷ ഉറപ്പാക്കും
- പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തും
- ഭരണ സംവിധാനം അഴിമതിരഹിതമാക്കും
- അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കും
- പച്ചക്കറി സംരംഭണ-വിതരണ സംവിധാനം ഉണ്ടാക്കും
- നാളികേര കൃഷി വികസനത്തിന് ആക്ഷന്‍ പ്ലാന്‍
- പച്ചക്കറി കൃഷി സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും
- പച്ചക്കറി കൃഷി വ്യാപിപ്പിക്കും, ജൈവകൃഷി നയം പ്രഖ്യാപിക്കും
- എല്ലാ ജില്ലയിലും രണ്ട് വീതം സംരംഭക പദ്ധതികള്‍ നടപ്പാക്കും
- വികേന്ദ്രീകരണ ആസൂത്രണ പദ്ധതി നടപ്പാക്കാന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളം സഹായം നല്‍കും
- നഗരാസൂത്രണ സംവിധാനം പരിഷ്കരിക്കും
- ജലസംരക്ഷണത്തിന് തൊഴിലുറപ്പ് പദ്ധതി ഉപയോഗിക്കും
- എം കേരള - സര്‍ക്കാര്‍ സേവനം ഉറപ്പാക്കാന്‍ മൊബൈല്‍ ആപ്
- സംസ്ഥാനത്തെ അക്കാദമിക വികസനത്തിന് ഫ്രീ സോഫ്റ്റ്‍വെയര്‍ ലക്ഷ്യം ഫ്രീ നോളജ് സൊസൈറ്റി
- വിമാനത്താവളങ്ങള്‍ വിപുലീകരിക്കും
- സംരംഭക നയം തുടരും
- കോഴിക്കോട് സൈബര്‍പാര്‍ക്ക് ഈ വര്‍ഷം പൂര്‍ത്തിയാക്കും
- ഭരണ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സാങ്കേതിക സൌകര്യങ്ങള്‍ ഉപയോഗിച്ച് പുതിയ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കും
- നിക്ഷേപകങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ നിയമനിര്‍മാണം നടത്തും
- പെണ്‍കുട്ടികളുടെ കായിക വികസനത്തിന് പ്രത്യേക പദ്ധതി
- സ്കൂളുകളില്‍ സ്പോട്സ് ഇന്‍ക്യുബേറ്ററുകള്‍ സ്ഥാപിക്കും
- സ്കൂളുകളില്‍ യോഗ നടപ്പാക്കും
- എഞ്ചിനീയറിംഗ് കോളജുകളെ ഇന്‍ഫര്‍മേഷന്‍ പവര്‍ഹൌസുകളാക്കും
- സര്‍വലാശാല ഭരണ സംവിധാനവും തെരഞ്ഞെടുപ്പ് രീതികളും പരിഷ്കരിക്കും
- കൂടുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കും
- കാമ്പസുകളെ പരിസ്ഥിതി സൌഹൃദമാക്കും
- ഉച്ചഭക്ഷണം ഉറപ്പാക്കും
- 8 മുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക്കാക്കും
- വിദ്യാഭ്യാസ മേഖലയില്‍ ആധുനീകരണം നടപ്പാക്കും
- മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രമാക്കും
- ആരോഗ്യ മേഖലയില്‍ ഇ ഹെല്‍ത് പദ്ധതി
- ജില്ലാ, താലൂക്ക് ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷാലിറ്റ് സേവനങ്ങള്‍ നല്‍കും
- സാംക്രമിക രോഗങ്ങള്‍ തടയാന്‍ പ്രത്യേക പദ്ധതി
- പിഎച്ച്സികളിലൂടെ സമഗ്ര ആരോഗ്യ പദ്ധതി
- കാര്‍ഷിക ഉത്പന്ന വിപണന ശൃംഖല സ്ഥാപിക്കും
- കയര്‍ മേഖലക്ക് സബ്സിഡിയും കെഎഫ്സി വഴി വായ്പയും
- ജൈവ കശുവണ്ടി കൃഷി പ്രോത്സാഹിപ്പിക്കും, കാഷ്യു ബാങ്ക് ആരംഭിക്കും
- കശുവണ്ടി മേഖലയില്‍ യന്ത്രവത്കരണം നടപ്പാക്കും
- ഖനന ലൈസന്‍സ് നടപടിക്രമങ്ങള്‍ സുതാര്യമാക്കും
- കെല്‍ട്രോണ്‍ നവീകരിക്കും
- ഒറ്റപ്പാലത്ത് ഡിഫന്‍സ് ഫാക്ടറി സ്ഥാപിക്കും
- പൊതുമേഖലാ സ്ഥാപനങ്ങളെ ആധുനീകരിക്കും
- കരകൌശല ഉത്പന്നങ്ങള്‍ക്ക് വേണ്ടി ബ്രാന്‍ഡ് ബില്‍ഡിങ് കാമ്പയിന്‍
- വ്യവസായ സ്ഥാപനങ്ങളെയും ഗവേഷണ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കും
- കലാമണ്ഡലം സാംസ്കാരിക സര്‍വകലാശാലയാക്കും
- പുതിയ സംരംഭങ്ങള്‍ വഴി തൊഴിലവരസങ്ങള്‍ സൃഷ്ടിക്കും
- റേഷന്‍ കടകളെ ആധുനീകരിക്കും
- തൊഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ക്ക് സൌജന്യ റേഷന്‍
- പാചകവാതക വിതരണത്തിലെ അപാകത പരിഹരിക്കും
- മികച്ച മാവേലി സ്റ്റോറുകളെ സൂപ്പര്‍മാര്‍ക്കറ്റാക്കും
- ശ്രീചിത്ര ആര്‍ട് ഗാലറിക്ക് പുതിയ കെട്ടിടം, വൈക്കം സത്യഗ്രഹ മ്യൂസിയം സ്ഥാപിക്കും
- പൊതുഗതാഗത സംവിധാനങ്ങളില്‍ ജിപിഎസ്
- പിഡബ്ല്യുഡി പദ്ധതികളില്‍ സോഷ്യല്‍ ഓഡിറ്റിങ്
- റോഡ് നിര്‍മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കും, ആദ്യ ഘട്ടത്തില്‍ 100 കിലോമീറ്റര്‍
- സര്‍ക്കാര്‍ കെട്ടിട നിര്‍മാണത്തില്‍ പരിസ്ഥിത സൌഹൃദ നയം
- ഭിന്നശേഷിയുള്ളവരുടെ സംരംഭങ്ങളെ സഹായിക്കാന്‍ കൈവല്യ പദ്ധതി
- ഇതര സംസ്ഥാന തൊഴിലാളികളുടെ നിയന്ത്രണത്തിന് നിയമം കൊണ്ടുവരും
- ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
- സര്‍ക്കാര്‍ മേഖലയില്‍ ലാറി ബേക്കര്‍ മോഡല്‍ നിര്‍മാണം
- കേരളത്തിലെ തീരമേഖല വികസനത്തിന് ഏകീകൃത പദ്ധതി
- മത്സ്യമേഖലയില്‍ കക്കൂസ്, കുടവെള്ളം എന്നിവക്ക് ഊന്നല്‍
- പരമ്പരാഗത മത്സ്യമേഖല സംരക്ഷിക്കും
- പ്രാദേശികമായി ബയോ ഡൈവേഴ്സിറ്റി രജിസ്റ്റര്‍ തയാറാക്കും
- മണല്‍ ഖനനം നിയന്ത്രിക്കും, ശാസ്ത്രീയ പഠനം നടത്തും
- പശ്ചിമഘട്ട സംരംക്ഷണത്തിന് പ്രത്യേക പദ്ധതി
- വനമേഖലകളില്‍ 1000 കാമറകള്‍ കൂടി സ്ഥാപിക്കും
- വനാതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാക്കും
- ആദിവാസി വിഭാഗങ്ങളിലുള്ളവരെ ഇക്കോ ടൂറിസം പദ്ധതികളില്‍ പങ്കാളികളാക്കും
- തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം പദ്ധതി
- പൈതൃക മേഖലകളെ ടൂറിസത്തിലെ പ്രധാന ആകര്‍ഷണമാക്കും
- കൈത്തറി, മുള വ്യവസായങ്ങളില്‍ 100 ദിവസ ജോലി ഉറപ്പാക്കും
- കൈത്തറി ഉത്പന്നങ്ങളുടെ യൂണിഫോം പ്രോത്സഹിപ്പിക്കും
- നീണ്ടകരയിലും കൊടുങ്ങല്ലൂരും മറൈന്‍ ഇന്‍സ്റ്റിട്ട്യൂട്ട്
- മുല്ലപ്പെരിയാര്‍ സുരക്ഷ പഠിക്കാന്‍ വിദഗ്ധ സമതിയെ നിയോഗിക്കും
- കണ്ണൂര്‍ വിമാനത്താവളം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും
- കെഎസ്ആര്‍ടിസി സിറ്റി ബസുകളില്‍ ബാറ്ററി ഉപയോഗ സാധ്യത പരിശോധിക്കും