കൊച്ചി മെട്രോ അടുത്ത മാര്‍ച്ചില്‍ ആദ്യ ഘട്ടം കമ്മീഷന് ചെയ്യുമെന്ന് ഇ ശ്രീധരന്
|ലൈറ്റ് മെട്രോ പദ്ധതിയില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചെന്നും ശ്രീധരന് മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി മെട്രോ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി അദ്ദേഹത്തെ കാണാനെത്തിയതായിരുന്നു ഇ ശ്രീധരന്. കൊച്ചി മെട്രോ പദ്ധതിയുടെ ആദ്യ ഘട്ടം 2017 മാര്‍ച്ചില്‍ തന്നെ കമ്മീഷന് ചെയ്യാനാകുമെന്ന് ശ്രീധരന് ഉറപ്പുനല്‍കി. മെട്രോയുടെ അടുത്ത ഘട്ടങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഇ ശ്രീധരനോട് ആവശ്യപ്പെട്ടു. ലൈറ്റ് മെട്രോ സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ ഉണ്ടായില്ലെന്ന് ശ്രീധരന് അറിയിച്ചു. ലൈറ്റ് മെട്രോക്കുവേണ്ടി സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനുമായും അദ്ദേഹം ചര്‍ച്ച നടത്തി.