കസ്തൂരി രംഗന്‍ വിഷയത്തില്‍ വനം മന്ത്രിക്കെതിരെ കോണ്‍ഗ്രസ്
|കേരളത്തില്‍ 123 വില്ലേജുകള്‍ ഇപ്പോഴും പരിസ്ഥിതിലോല മേഖലയില്‍ തന്നെയെന്നു സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം വനം മന്ത്രി കെ രാജു വ്യക്തമാക്കിയിരുന്നു
കസ്തൂരി രംഗന്‍ വിഷയത്തില്‍ വനം മന്ത്രി കെ രാജുവിനെതിരെ കോണ്‍ഗ്രസ്. സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശങ്ങളാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും, മന്ത്രി കെ രാജു കള്ളം പറയുകയാണെന്നും ആന്‍റോ ആന്‍റണി എംപി പറഞ്ഞു. സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പുമായി ആന്‍റോ ആന്‍റണി എംപി രംഗത്തെത്തി.
പത്തനംതിട്ടയിലെ ഒരു ക്വാറി സ്ഥാപനം സമര്‍പ്പിച്ച ഹരജിയിലാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് കരട് വിജ്ഞാപന പ്രകാരം ഒഴിവാക്കിയ പ്രദേശത്ത്, പരിസ്ഥിതി അനുമതിക്കായുളള അപേക്ഷ പരിഗണിക്കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഓഗസ്റ്റ് 31നാണ് 1052-2016 എന്ന റിട്ട് അപ്പീല്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി രേഖകളില്ലെന്നും, അതിനാല്‍ കരട് വിജ്ഞാപനത്തിന് പ്രസക്തിയില്ലെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നതായി ആന്‍റോ ആന്‍റണി എംപി പറയുന്നു.
കേരളത്തില്‍ 123 വില്ലേജുകള്‍ ഇപ്പോഴും പരിസ്ഥിതിലോല മേഖലയില്‍ തന്നെയെന്നു സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം വനം മന്ത്രി കെ രാജു വ്യക്തമാക്കിയിരുന്നു. ഇതിലൂടെ മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, പ്രസ്തുത സത്യവാങ്മൂലം ഭാവിയില്‍ ദോഷമുണ്ടാക്കുമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
വിഷയത്തില്‍ ഈ മാസം 15ന് യുഡിഎഫ് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാന മന്ത്രിയെ തിരുത്തി പാര്‍ലമെന്‍റ് അംഗം രംഗത്തെത്തിയതോടെ കസ്തൂരി രംഗന്‍ വിഷയം വീണ്ടും സജീവമാവുകയാണ്.