നിലവില്‍ ഒരു മുന്നണിയിലും ചേരേണ്ടന്ന് കേരള കോണ്‍ഗ്രസ് തീരുമാനം
|ബിജെപിയുമായി നിലവില്‍ ചര്‍ച്ചകളൊന്നും വേണ്ടെന്നാണ് നേതാക്കള്‍ക്കിടയിലുള്ള പൊതു നിലപാട്
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അടുക്കുന്നത് വരെ ഒരു മുന്നണിയിലും ചേരേണ്ടെന്ന് കേരളാ കോണ്‍ഗ്രസ് മാണിക്കുള്ളില്‍ ധാരണ. ബിജെപിയുമായി നിലവില്‍ ചര്‍ച്ചകളൊന്നും വേണ്ടെന്നാണ് നേതാക്കള്‍ക്കിടയിലുള്ള പൊതു നിലപാട്. നിയമസഭയില്‍ ഒറ്റ ബ്ലോക്കായി ഇരിക്കുന്ന കാര്യത്തില്‍ മാണിയും ജോസഫും തമ്മിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതയും പരിഹരിച്ചു.
വിവിധ തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിനോട് സ്വീകരിക്കേണ്ട സമീപനത്തില്‍ വ്യക്തത വരുത്തിയത്. നിയമസഭയില്‍ ഒറ്റ ബ്ലോക്കായി ഇരുന്ന് കോണ്‍ഗ്രസിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാനാണ് നിലവിലെ തീരുമാനം. ആറ്, ഏഴ് തീയതികളില്‍ നടക്കുന്ന ചരല്‍ക്കുന്ന് ക്യാമ്പില്‍ പാര്‍ട്ടി തീരുമാനം നേതൃത്വം ഭാരവാഹികളെ അറിയിക്കുകയായിരിക്കും ചെയ്യുക. അതിന് ശേഷമേ ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ ക്യാമ്പില്‍ തുടങ്ങൂ. നിലവിലെ സാഹചര്യത്തില്‍ ബിജെപിയുമായി സഹകരിക്കണമെന്ന അഭിപ്രായം കെ എം മാണിക്കും ജോസ് കെ മാണിക്കും മാത്രമേയുള്ളൂ. മറ്റ് നേതാക്കളെല്ലാം പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് എത്തുന്നത് വരെ ഒരു മുന്നണിയിലും ചേരേണ്ടന്ന നിലപാടിലാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള രാഷ്ടീയ സാഹചര്യം ഉപയോഗപ്പെടുത്താമെന്ന ന്യായം ഇവര്‍ ഉയര്‍ത്തുന്നു.
കടുത്ത തീരുമാനത്തില്‍ നിന്ന് മാണി വിഭാഗത്തെ പിന്മാറ്റാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം നല്‍കി മാണിയെ തണുപ്പിക്കാനാകുമോയെന്ന സാധ്യതകളും കോണ്‍ഗ്രസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ മാണിക്ക് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ടന്ന നിലപാടാണ് മധ്യകേരളത്തിലെ ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുള്ളത്.