Kerala
ശിരുവാണി അണക്കെട്ട് പദ്ധതി താല്‍ക്കാലികമായി മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനംശിരുവാണി അണക്കെട്ട് പദ്ധതി താല്‍ക്കാലികമായി മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
Kerala

ശിരുവാണി അണക്കെട്ട് പദ്ധതി താല്‍ക്കാലികമായി മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

Ubaid
|
26 Aug 2017 4:11 AM GMT

അട്ടപ്പാടിയിലെ ശിരുവാണിപ്പുഴയില്‍ ജലസേചനത്തിന് അണക്കെട്ട് നിര്‍മ്മിക്കാന്‍ 1970 മുതല്‍ കേരളം ആലോചിക്കുന്നുണ്ട്. എന്നാല്‍ പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പാണ് തമിഴ്നാട് ഉയര്‍ത്തി വരുന്നത്

കേരള സര്‍ക്കാരിന്റെ ശിരുവാണി അണക്കെട്ട് പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠനത്തിനായി നല്‍കിയ അനുമതി താല്‍ക്കാലികമായി മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പാരസ്ഥിതിക പഠനത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ച് അനുമതി നല്‍കാന്‍ വിദഗ്‍ദ സമിതി ശിപാര്‍ശ ചെയ്തിരുന്നു. കാവേരി നദിയിലെ ജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സുപ്രിം കോടതിയില്‍ തീര്‍പ്പാകുന്നത് വരെ ഈ ശിപാര്‍ശകള്‍ നടപ്പിലാക്കേണ്ടെന്നാണ് ഇപ്പോള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം.

അട്ടപ്പാടിയിലെ ശിരുവാണിപ്പുഴയില്‍ ജലസേചനത്തിന് അണക്കെട്ട് നിര്‍മ്മിക്കാന്‍ 1970 മുതല്‍ കേരളം ആലോചിക്കുന്നുണ്ട്. എന്നാല്‍ പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പാണ് തമിഴ്‍നാട് ഉയര്‍ത്തി വരുന്നത്. ഏറ്റവും അവസാനമായി പദ്ധതിയുടെ പാരിസ്ഥിതിക ആഘാതപഠനത്തിനായുള്ള ടേംസ് ഓഫ് റഫറസന്‍സ് നിശ്ചിയിച്ച് നല്‍കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിദഗ്ദത സമിതി കഴിഞ്ഞ മാര്‍ച്ചില്‍ ശിപാര്‍ശ ചെയ്തു. ഇതിനെതിരെ തമിഴ്നാട് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ ശിപാര്‍ശകള്‍ക്ക് അന്തിമ അംഗീകാരം നല്‍കേണ്ടത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ്. കാവേരി നദിയുമായി ബന്ധപ്പെട്ട് തമിഴ്നാടും കര്‍ണ്ണാടകയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലും, വിഷയത്തില്‍ സുപ്രിം കോടതി ഇടപെട്ട സാഹചര്യത്തിലും ശിപാര്‍ശകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. കോടതി അന്തിമ തീര്‍പ്പ് പുറപ്പെടുവിച്ചാലെ പദ്ധതിയുമായി ഇനി കേരള സര്‍ക്കാരിന് മുന്നോട്ട് പോകാനാകൂ. തീരുമാനം കേരള തമിഴ്നാട് സര്‍ക്കാരുകളെ കേന്ദ്രം ഔദ്യോഗികമായി അറിയിച്ചതായാണ് വിവരം.

Related Tags :
Similar Posts