പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുന്ന കാര്യം സ്പീക്കര്‍ അറിയിച്ചില്ലെന്ന് മുഖ്യമന്ത്രി
|തലവരിപ്പണം വാങ്ങിയെന്ന ആരോപണം വിജിലന്‍സ് പരിശോധിക്കുമെന്നും പിണറായി വിജയന്‍
സ്വാശ്രയ പ്രശ്നത്തില്‍ പ്രതിപക്ഷവുമായി ഇന്നലെ ചര്‍ച്ച നടക്കുന്ന കാര്യം സ്പീക്കര്‍ തന്നെ അറിയിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുകൊണ്ടാണ് താന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സ്വാശ്രയ കോളജുകള്‍ തലവരിപ്പണം നല്‍കുന്നതു സംബന്ധിച്ച ആരോപണം വിജിലന്‍സ് പരിശോധിക്കും. മാധ്യമങ്ങളില്‍ വന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാനാണ് തീരുമാനം. പരിയാരം മെഡിക്കല്‍ കോളെജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ അടുത്ത വര്‍ഷം ഫീസ് കുറയുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതിപക്ഷവുമായി ഇന്നലെ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതിനെ വിടി ബലറാം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പാകിസ്താനെതിരായ ആക്രമണങ്ങള്‍ നടക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ളവരെ അറിയിച്ചതായാണ് മാധ്യമങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്നും മോദി കാണിച്ച ജനാധിപത്യ മര്യാദ പോലും പിണറായി വിജയന്‍ കാണിച്ചില്ലെന്നുമായിരുന്നു ബലറാമിന്‍റെ ആരോപണം.
കക്ഷിനേതാക്കളുടെ യോഗമല്ല വിളിച്ചതെന്നും ഇരുവിഭാഗവും ചര്‍ച്ചകള്‍ നടത്തുകയായിരുന്നുവെന്നും സ്പീക്കറും വിശദീകരിച്ചു. നിരാഹാരം കിടക്കുന്ന എം എല്‍ എ മാരെ വി എസ് സന്ദര്‍ശിച്ചിട്ടും മുഖ്യമന്ത്രി വിട്ടുവീഴ്ചക്ക് തയാറാക്കുന്നില്ലെന്നും ബല്‍റാം സൂചിപ്പിച്ചു