ക്രൈസ്തവ സഭാ പ്രതിനിധികളുമായി മോദി കൂടിക്കാഴ്ച നടത്തി
|കസ്തൂരിരംഗന്‍ വിഷയവും റബറുള്‍പ്പെടെയുള്ള കാര്‍ഷിക വിളകളുടെ വിലയിടിവുമെല്ലാം പ്രധാനമന്ത്രിയെ ധരിപ്പിച്ചു
ബിജെപി ദേശീയ കൌണ്‍സിലിന് കോഴിക്കോടെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കസ്തൂരിരംഗന്‍ വിഷയവും റബറുള്‍പ്പെടെയുള്ള കാര്‍ഷിക വിളകളുടെ വിലയിടിവുമെല്ലാം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മോദി ഉറപ്പ് നല്‍കിയതായി പ്രതിനിധികള്‍ അറിയിച്ചു.
കേരളത്തില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനു വേണ്ടി ക്രൈസ്തവ സഭകളുമായി മികച്ച ബന്ധം പുലര്‍ത്തണമെന്ന് ബിജെപി നേതൃയോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഗസ്റ്റ് ഹൌസില്‍ വെച്ച് ക്രൈസ്തവ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. റബറിന്റെയും നാളികേരത്തിന്റെയും വിലയിടിവ്, കസ്തൂരിരംഗന്‍ വിഷയത്തിലെ പ്രശ്നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു.
തെരുവു നായ വിഷയവും പ്രതിനിധികള്‍ പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു. എല്ലാ കാര്യങ്ങളും പരിശോധിച്ച് നടപടിയെടുക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചൊന്നും സംസാരിച്ചിട്ടില്ലെന്നും പ്രതിനിധികള്‍ അറിയിച്ചു.
കോഴിക്കോട് രൂപതാ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍, താമരശേരി രൂപതാ ചാന്‍സലര്‍ എബ്രഹാം കാവില്‍ പുരയിടം, പി സി സിറിയക് തുടങ്ങിയവരാണ് കൂടിക്കാഴ്ചക്കെത്തിയത്.
കേരളത്തിലെ വികസനകാര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ ബിജെപി നിയോഗിച്ച വിദഗ്ധ സമിതിയും മോദിയുമായി കൂടിക്കാഴ്ച നടത്തി. ആറന്‍മുള വിമാനത്താവളത്തിനായി നിര്‍ദേശിച്ച സ്ഥലം പൈതൃക ഗ്രാമമാക്കി സംരക്ഷിക്കണമെന്ന് സംഘം മോദിയോട് അഭ്യര്‍ത്ഥിച്ചു.