കളംപിടിക്കാന്‍ അടിമുടി മാറി കേരള ബ്ലാസ്റ്റേഴ്സ്
|ഐഎസ്എല്‍ പുതിയ സീസണിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. അടിമുടി മാറിയാണ് ബ്ലാസ്റ്റേഴ്സ് മൂന്നാം സീസണ് തയ്യാറെടുക്കുന്നത്.
ഐഎസ്എല്‍ പുതിയ സീസണിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. അടിമുടി മാറിയാണ് ബ്ലാസ്റ്റേഴ്സ് മൂന്നാം സീസണ് തയ്യാറെടുക്കുന്നത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്സ് നാളെ മുതല്‍ പരിശീലനം തുടങ്ങും.
കഴിഞ്ഞ സീസണിലെ ക്ഷീണം തീര്‍ക്കാന്‍ പരിശീലകന് മുതല്‍ താരങ്ങള്‍ വരെ മാറിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. മുന്‍ ഇംഗ്ലീഷ് താരം സ്റ്റീവ് കൊപ്പലാണ് പുതിയ പരിശീലകന്. ഇംഗ്ലീഷ് ശൈലിയില്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്സ് ആ ശൈലി തന്നെ സ്വീകരിക്കാനാണ് തയ്യാറെടുക്കുന്നത്. വിദേശികളും സ്വദേശികളും ചേര്‍ന്ന സമ്മിശ്ര സംഘം കൊപ്പല്‍ ഇതിനായി സൃഷ്ടിച്ചിട്ടുണ്ട്. നാല് മലയാളി താരങ്ങളാണ് ടീമിലുള്ളത്. കഴിഞ്ഞ സീസണില്‍ കളിച്ച മുഹമ്മദ് റാഫിക്കും സികെ വിനീതിനുമൊപ്പം കൊല്‍ക്കത്തയുടെ റിനോ ആന്റോ, പുതുമുഖം പ്രശാന്ത് മോഹന്‍ എന്നിവരാണ് മലയാളി സാന്നിധ്യം. മുന്‍ നിരയില്‍ അന്റോണിയോ ജര്മെയ്ന്,മൈക്കിള്‍ ചോപ്ര, കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട് എന്നീ വിദേശ താരങ്ങളുണ്ട്. തോങ്ഖെയ്സം ഹവോക്കിപ്പ് കൂടി എത്തിയതോടെ മുന്നേറ്റം സജ്ജമാണ്. ആദ്യ സീസണില്‍ ഉണ്ടായിരുന്ന സെഡ്രിക് ഹെങ്ബര്‍ട്ട് എത്തുന്നതോടെ പ്രതിരോധം ശക്തമാകും. മാര്‍ക്വി താരം ആരോണ്‍ ഹ്യൂസും സെനഗലിന്റെ എന്ദോയയും പിന്‍നിരയില്‍ കരുത്തരാണ്. സന്ദേശ് ജിങ്കാന് കൂടി ചേരുന്നതോടെ പന്ത് പിന്നിലോട്ട് പോകില്ലെന്നാണ് കൊപ്പലിന്റെ വിശ്വാസം. സ്പാനിഷ് താരം ഹൊസു ക്യുറൈസ് നയിക്കുന്ന മധ്യനിരക്ക് ഇന്ധനം നല്കാന് ചാഡ് ദേശീയ ടീമിൽ അംഗമായ അസ്റാക്ക്-യാസീൻ മഹമത് കൂടിയുണ്ട്. തിരുവനന്തപുരത്തെ പരിശീലനത്തിന് ശേഷം ടീം തായ് ലന്‍ഡിലേക്ക് പോകും.