തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്ത് സിം കാര്‍ഡ് വില്‍പന; ഒരാള്‍ പിടിയില്‍
|കടയില്‍ ഫോട്ടോ കോപ്പിക്കും സിം കാര്‍ഡുകള്‍ക്കുമായി എത്തുന്നവരുടെ രേഖകള്‍ ഉപയോഗിച്ചാണ് ഇയാള്‍ സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തിയിരുന്നത്.
തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്ത് വ്യാപകമായി സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. പെരിയാട്ടടുക്കം പനയാലിലെ കടയുടമ ചന്ദ്രനാണ് പോലീസ് പിടിയിലായത്. കടയില്‍ ഫോട്ടോ കോപ്പിക്കും സിം കാര്‍ഡുകള്‍ക്കുമായി എത്തുന്നവരുടെ രേഖകള്‍ ഉപയോഗിച്ചാണ് ഇയാള്‍ സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തിയിരുന്നത്.
പെരിയ ആയംപാറ സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരമുള്ള അന്വേഷണത്തിലാണ് വ്യാജ രേഖകളിലെ സിം കാര്‍ഡ് വില്‍പ്പന പോലീസ് കണ്ടെത്തുന്നത്. ഇവരുടെ രേഖകള്‍ ഉപയോഗിച്ച് സംഘടിപ്പിച്ച സിം കാര്‍ഡില്‍ നിന്നും മറ്റുള്ളവര്‍ക്ക് അശ്ലീല ചുവയുള്ള സന്ദേശങ്ങളും സംഭാഷണങ്ങളും എത്തിയതാണ് പരാതിക്ക് കാരണം. യുവതിയുടെ പരാതിയിലുള്ള അന്വേഷിക്കുന്നതിനിടെയാണ് വ്യാജ രേഖകള്‍ ഉപയോഗിച്ച് സിംകാര്‍ഡുകള്‍ മറിച്ചു വില്‍ക്കുന്ന സംഭവം പൊലീസ് കണ്ടെത്തിയത്.
വ്യാജരേഖകള്‍ ഉപയോഗിച്ച് സിം വാങ്ങുന്നവരില്‍ കൂടുതലും അന്യ സംസ്ഥാന തൊഴിലാളികളാണ്. ഒരേ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വ്യാപകമായി സിംകാര്‍ഡുകള്‍ വില്പനനടത്തിയത് കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലയില്‍ സിം കാര്‍ഡുകള്‍ വില്‍ക്കുന്ന കടകളില്‍ പരിശോധന നടത്താന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.