വീടില്ല; താമസം ക്ഷേത്രനടയിലും കടത്തിണ്ണയിലും
|അന്തിയുറങ്ങാന്‍ സ്വന്തമായി വീടില്ലാതെ ഒരു കുടുംബം പതിനാറ് വര്‍ഷമായി ക്ഷേത്രനടയിലും കടത്തിണ്ണയിലുമായി കഴിയുന്നു.
അന്തിയുറങ്ങാന്‍ സ്വന്തമായി വീടില്ലാതെ ഒരു കുടുംബം പതിനാറ് വര്‍ഷമായി ക്ഷേത്രനടയിലും കടത്തിണ്ണയിലുമായി കഴിയുന്നു. ആലപ്പുഴ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രഹാളില്‍ കഴിയുന്ന മൂര്‍ത്തിയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം പരിസരവാസികളുടെ സഹായത്തിലാണ് ജീവിതം മുന്നോട്ട് കൊണ്ടു പേകുന്നത്.
സഹോദരിയുടെ വിവാഹത്തോടെ കിടപ്പാടം നഷ്ടപ്പെട്ട് വീടുവിട്ടിറിങ്ങിയ രണ്ട് പെണ്‍മക്കളടങ്ങുന്ന കുടുബത്തിന്റെ കിടപ്പാടം ഈ ക്ഷേത്രമുറ്റമാണ്. തോട്ടിപ്പണി ചെയ്ത് ജീവിക്കുന്ന മൂര്‍ത്തിക്ക് എന്നും പണിയില്ലാതാകുന്നത് ജീവിതത്തെ കൂടുതല്‍ ദുരിതമയമാക്കി. രാത്രിയായാല്‍ കിടപ്പത്ര സുരക്ഷിതമല്ലാത്തതിനാല്‍ അടുത്തുള്ള കടത്തിണ്ണയിലാണ് അന്തിയുറക്കം. പെണ്‍മക്കളുടെ വിദ്യാഭ്യാസം കോട്ടയം ജില്ലയിലെ ഒരു ബോര്‍ഡിംഗ് ഏറ്റെടുത്തതാണ് അല്‍പമാശ്വാസം. ഇപ്പോള്‍ കൂടെയുള്ള മകന്‍ ഹരിപ്പാട് സര്‍ക്കാര്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. ഒരു തുണ്ട് ഭൂമിക്കായ് മുട്ടാത്ത വാതിലുകളില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ക്യാമ്പ് ഒഫീസിന്റെ വിളിപ്പാടകലെയാണ് ഇവര്‍ കഴിയുന്നത്. വര്‍ഷങ്ങളായ് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതു കൊണ്ടാവാം ലഭിക്കുന്നത് മുഴുവന്‍ വാഗ്ദാനങ്ങള്‍ മാത്രം. അധികാരമുള്ളവര്‍ കൈ മലര്‍ത്തുമ്പോള്‍ ഈ കുടുംബത്തിന് ഒറ്റയാഗ്രഹമാണിപ്പോഴുമുള്ളത്. ബോര്‍ഡിംഗില്‍ കഴിയുന്ന പെണ്‍മക്കള്‍ക്കൊപ്പം ഒരുമിച്ച് ഒരു വീട്ടില്‍ അന്തിയുറങ്ങണം