Kerala
പാലക്കാട് മെഡിക്കല്‍ കോളജിലെ നിയമനം: വിവാദങ്ങള്‍ക്കൊടുവില്‍ പുതിയ റാങ്ക് ലിസ്റ്റ്പാലക്കാട് മെഡിക്കല്‍ കോളജിലെ നിയമനം: വിവാദങ്ങള്‍ക്കൊടുവില്‍ പുതിയ റാങ്ക് ലിസ്റ്റ്
Kerala

പാലക്കാട് മെഡിക്കല്‍ കോളജിലെ നിയമനം: വിവാദങ്ങള്‍ക്കൊടുവില്‍ പുതിയ റാങ്ക് ലിസ്റ്റ്

Muhsina
|
6 Oct 2017 3:21 PM GMT

പിന്‍വാതില്‍ നിയമനമാണെന്ന് ചൂണ്ടിക്കാട്ടി കേരള അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണലില്‍ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് പുതിയ ലിസ്റ്റ്.

പാലക്കാട് മെഡിക്കല്‍ കോളജില്‍ വിവാദമായ ജൂനിയര്‍ റസിഡന്‍റ് തസ്തികയിലേക്കുള്ള പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറങ്ങി. പിന്‍വാതില്‍ നിയമനമാണെന്ന് ചൂണ്ടിക്കാട്ടി കേരള അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണലില്‍ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് പുതിയ ലിസ്റ്റ്. പിഎസ് സി മാനദണ്ഡപ്രകാരം എഴുത്തു പരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍റെയും മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ റാങ്ക് ലിസ്റ്റ്.

ജൂനിയര്‍ റസിഡന്‍സിന്‍റെ പതിമൂന്ന് ഒഴിവുകളിലേക്ക് അഞ്ഞൂറോളം അപേക്ഷകരാണുണ്ടായിരുന്നത്. ആദ്യ എഴുത്ത് പരീക്ഷ നടത്തി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിന്‍റെ അടിസ്ഥാനത്തില് ഇന്‍റര്‍വ്യൂ നടത്തി. ഇന്‍റര്‍വ്യൂ വിനെ തുടര്‍ന്ന് പുറത്തിറക്കിയ റാങ്ക് ലിസ്റ്റില്‍ എഴുത്തുപരീക്ഷയില്‍ മുന്നിലെത്തിയ പലരും പിന്നിലായി. ഇതോടെ, ഉദ്യോഗാര്‍ത്ഥികള്‍ ചിലര്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. ഇതോടെ, നിയമനനടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.

പുതിയ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാന്‍ ട്രിബ്യൂണല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ സമയം നീട്ടി വാങ്ങി. ഇതെ തുടര്‍ന്നാണ് വ്യാഴാഴ്ച പുതിയ റാങ്ക് ലിസ്റ്റ് പ്രപസിദ്ധീകരിച്ചത്. ട്രിബ്യൂണല്‍ ഇടപെടലിനെ തുടര്‍ന്ന് രണ്ടാമതും ഇന്‍റര്‍വ്യൂ നടത്തിയാണ് പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കിയത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് വ്യാപകമായി പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നുവെന്ന ആക്ഷേപങ്ങളുയര്‍ന്നിരുന്നു. അന്നത്തെ സ്പെഷ്യല്‍ ഓഫീസര്‍ സുബ്ബയ്യക്കെതിരെ വിജിലന്‍സ് കേസും നിലവിലുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പിന്‍വാതില്‍ നിയമനങ്ങള്‍ തുടരുകയാണെന്ന ആക്ഷേപം ഉയര്‍ന്നു. നിലവില്‍ പട്ടികജാതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കോളജിന്‍റെ സ്പെഷ്യല്‍ ഓഫീസര്‍.

Similar Posts