ഡിസിസി പ്രസിഡന്റ് നിയമനം: എ ഗ്രൂപ്പ് ഹൈകമാന്‍ഡിനെ അതൃപ്തി അറിയിക്കും
|ഒഴിവാക്കിയ ജില്ലകള്‍ക്ക് പകരം ജില്ലകളില്‍ പരിഗണിച്ചില്ലെന്നാണ് ഗ്രൂപ്പ് പരാതി
ഡിസിസി പ്രസിഡന്‍റ് നിയമനത്തിലെ അതൃപ്തി ഹൈകമാന്‍ഡിനെ അറിയിക്കാന്‍ എ ഗ്രൂപ്പ് തീരുമാനം. ഒഴിവാക്കിയ ജില്ലക്ക് പകരം ജില്ലകള്‍ നല്‍കിയില്ല. പല ജില്ലകളിലും അര്‍ഹരുണ്ടായിട്ടും പരിഗണിച്ചില്ലെന്നും പരാതി. സംഘടനാ തെരഞ്ഞെടുപ്പിനായി സമ്മര്‍ദം ചെലുത്താനും ധാരണയായി.
പുനസംഘടനയില്‍ ഏറ്റവും കൂടുതല്‍ ക്ഷീണം സംഭവിച്ചത് എ ഗ്രൂപ്പിനാണ്. 7 ജില്ലകളുടെ പ്രസിഡന്റ് സ്ഥാനം ഉള്ളിടത്ത് 4 ആയി ചുരുങ്ങി. ഇടുക്കി, കൊല്ലം ഉള്‍പ്പെടെ പ്രധാന ജില്ലകളില്‍ മറ്റു സമവാക്യങ്ങളുടെ പേരില്‍ ഒഴിവാക്കിയപ്പോള്‍ ആകെ കിട്ടിയത് കാസര്‍കോട് ജില്ല മാത്രമാണ്. എറണാകുളത്ത് ഉള്‍പ്പെടെ അര്‍ഹരായ നേതാക്കളുണ്ടായിട്ടും തഴയപ്പെട്ടു. ഈ സാഹചര്യത്തില്‍ പുനസംഘടനയിലെ അതൃപ്തി ഹൈകമാന്‍ഡിനെ അറിയിക്കാനാണ് ഗ്രൂപ്പിന്‍റെ തീരുമാനം. ഡിസിസിയുടെ തുടര്‍ച്ചയായി കെപിസിസി യിലും പുനസംഘടന നടത്താനാണ് കെപിസിസി ആലോചിക്കുന്നത്.
എന്നാല്‍ ഇനി സംഘടനാ തെരഞ്ഞെടുപ്പ് മതിയെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. സംഘടനാ തെരഞ്ഞെടുപ്പ് വന്നാലെ ശക്തിക്കനുസരിച്ച് സ്ഥാനം ലഭിക്കുകയുള്ളൂ. ഒരു വര്‍ഷത്തിനകം സംഘടനാ തെരഞ്ഞെടുപ്പാകാമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കിയിരുന്നതും നേതൃത്വത്തെ ഓര്‍മിപ്പിക്കും. അതേ സമയം ഹൈകമാന്‍ഡ് തീരുമാനത്തിനെതിരെ പരസ്യപ്രതികരണത്തിന് പോകേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം നേതാക്കള്‍ തമ്മില്‍ നടത്തിയ ആശയ വിനിമയത്തില്‍ ധാരണയായി.