ആറന്മുളയില്‍ കൃഷിയിറക്കാനിരുന്ന സ്ഥലം എഞ്ചിനീയറിങ് കോളേജിന്റേത്
|വിവാദമായതോടെ മുഖ്യമന്ത്രിയെത്തി; വിത്തിറക്കാനിരുന്ന വേദിമാറ്റി
ആറന്മുളയില്‍ കൃഷിയിറക്കാനായി ഒരുക്കിയ സ്ഥലം സഹകരണ എഞ്ചിനീയറിങ് കോളേജിനുവേണ്ടി നികത്താന്‍ അനുമതി കൊടുത്ത സ്ഥലത്തെന്ന് തെളിഞ്ഞു. വിത്തിറക്കല്‍ മുഖ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനായി കണ്ടെത്തിയ ഭൂമിയാണ് നിലവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിലമാണെന്ന് വ്യക്തമായത്. ഇതോടെ ഉദ്ഘാടന വേദി മാറ്റാന്‍ തീരുമാനിച്ചതായി കൃഷിവകുപ്പ് അധികൃധര്‍ പ്രതികരിച്ചു.
ആറന്മുളയില്‍ കൃഷിയിറക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെത്തുടര്‍ന്ന് വിമാനത്താവള പദ്ധതി പ്രദേശമുള്‍പെടുന്ന 56 ഹെക്ടര്‍ നിലത്ത് തരിശുനിലത്ത് കൃഷിയിറക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ എത്തിച്ച് വിത്തിറക്കാനായി ഒരുക്കിയ ഭൂമി. പദ്ധതിപ്രദേശത്തിന് പുറത്തുള്ളതും നിലവില്‍ സര്‍ക്കാര്‍ അധീനതയിലുള്ളതുമായ ഭൂമിയാണെന്നും കാട്ടി ഒരുവിഭാഗം കര്‍ഷകര്‍ കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതി അന്വേഷിക്കാന്‍ കലക്ടര്‍ നിയോഗിച്ച റവന്യൂ സംഘം രേഖകള്‍ പരിശോധിച്ചതോടെ സ്ഥലം എഞ്ചിനീയറിങ് കോളേജിന് നികത്താന്‍ അനുമതി കിട്ടിയ സ്ഥലമാണെന്ന് വ്യതക്തമാവുകയായിരുന്നു. വിവാദമായതോടെ കൃഷിമന്ത്രിയടക്കമെത്തി ആഘോഷപൂര്‍വ്വം നിലമൊരുക്കിയ സ്ഥലം നിര്‍ദിഷ്ട ആറന്മുള കൃഷിപദ്ധതിയില്‍ ഒഴിവാക്കാനും തീരുമാനമായി. ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന് സര്‍ക്കാര്‍ വിട്ടുകൊടുത്ത സ്ഥലവും കൃഷിറക്കാനായി ഒരുക്കിയെടുത്തിരുന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ തന്നെയാണ് കൃഷിയിറക്കല്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തിയതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ജില്ലയിലെ ചില സിപിഎം നേതാക്കള്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണവും ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ട്.