ആധാരവും പട്ടയവുമുണ്ടായിട്ടും കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ പൂക്കുന്ന് മലയിലെ താമസക്കാര്‍
|കുടിയൊഴിപ്പിക്കല്‍ നീക്കത്തിനു പിന്നില്‍ ഖനന മാഫിയയാണെന്ന ആരോപണവും ശക്തമാണ്
പതിറ്റാണ്ടുകളായി കോഴിക്കോട് പൂക്കുന്ന് മലയില്‍ താമസിക്കുന്ന ആദിവാസികളടക്കമുള്ള കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നു. ഈ സ്ഥലത്തിന്റെ ഉടമാവകാശം കോടതി വിധിയിലൂടെ ഒരു കുടുംബം സ്വന്തമാക്കിയതോടെയാണ് മുന്നൂറോളം കുടുംബങ്ങള്‍ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരായത്. കുടിയൊഴിപ്പിക്കല്‍ നീക്കത്തിനു പിന്നില്‍ ഖനന മാഫിയയാണെന്ന ആരോപണവും ശക്തമാണ്. സ്ഥലത്തിന്‍റെ ആധാരം കൈവശമുള്ളവരാണ് കുടിയൊഴിപ്പിക്കപ്പെടുന്നത്.
ഈ കണ്ണുകളില്‍ ആധിയാണ്. ആകെയുള്ള ഭൂമി നഷ്ടപ്പെടുന്നതിന്റെ വേദന. തരിശ് ഭൂമിയായിരുന്ന സ്ഥലം വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിലൂടെ ഈ നിലയിലാക്കിയവരാണിവര്‍. ആകെയുണ്ടായിരുന്ന സ്വത്ത് സ്വരുക്കൂട്ടി വീടുംവച്ചു. ഒരു സുപ്രഭാതത്തില്‍ വീടു വിട്ടിറങ്ങാന്‍ പറഞ്ഞാല്‍ എങ്ങോട്ടുപോകുമെന്ന് ഇവര്‍ക്കറിയില്ല.
ചീക്കിലോട് പൂക്കുന്ന് മലയിലെ ആദിവാസികളടക്കമുള്ള കുടുംബങ്ങള്‍ പതിറ്റാണ്ടുകളായി പട്ടയവും ആധാരവും കൈവശം വെച്ച് പോരുന്ന ഭൂമിയാണ് ഇത്. പലരും ഈ ഭൂമി പണം കൊടുത്തു വാങ്ങിയതാണ്. എന്നാല്‍ ഈ സ്ഥലത്തിന്റെ ഉടമസ്ഥതാവകാശം കോടതിയുത്തരവിലൂടെ പഴയ ജന്‍മികുടുംബം കരസ്ഥമാക്കുകയായിരുന്നു. നികുതി സ്വീകരിക്കാതായപ്പോള്‍ മാത്രമാണ് ഇവര്‍ ഇക്കാര്യമറിയുന്നത്. കോടതിയില്‍ കേസിനു പോകാനുള്ള സാമ്പത്തിക സ്ഥിതിയും ഇവര്‍ക്കില്ല. നേരത്തെ ഇരുമ്പയിര്‍ ഖനനം നടന്ന ഈ പ്രദേശം കൈവശപ്പെടുത്താന്‍ ഖനനമാഫിയ ഏറെക്കാലമായി ശ്രമിക്കുന്നുണ്ട്.
സര്‍ക്കാര്‍ ഉടന്‍ ഇടപെട്ടിട്ടില്ലെങ്കില്‍ ആദിവാസികളടക്കമുള്ള കുടുംബങ്ങള്‍ തെരുവിലേക്കിറങ്ങേണ്ടി വരും.