പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികനെ സഹായിച്ചവരിലേക്കും അന്വേഷണം
|പെണ്‍കുട്ടി പ്രസവിച്ച കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലും വൈത്തിരിയിലെ അഗതി മന്ദിരത്തിലും പൊലീസ് പരിശോധന നടത്തി
കണ്ണൂര്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്റെ പീഡനത്തിനിരയായ സംഭവത്തില്‍ പൊലീസ് അന്വേഷണം വൈദികനെ സഹായിച്ചവരിലേക്കും. പെണ്‍കുട്ടി പ്രസവിച്ച കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലും വൈത്തിരിയിലെ അഗതി മന്ദിരത്തിലും പൊലീസ് പരിശോധന നടത്തി. കൂടുതല്‍ ചോദ്യം ചെയ്യലിനായി വൈദികനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
വൈദികന്റെ പീഡനത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ കുറ്റം മറച്ച് വെക്കാന്‍ ശ്രമിച്ചവരെക്കൂടി പ്രതി ചേര്‍ക്കാനാണ് പൊലീസിന്റെ നീക്കം. പേരാവൂര്‍ സിഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്തു. പെണ്‍കുട്ടി പ്രസവിച്ച തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലും കുഞ്ഞിനെ സംരക്ഷിക്കാന്‍ ഏല്‍പ്പിച്ച വൈത്തിരിയിലെ അഗതി മന്ദിരത്തിലും ഇന്നലെ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. രണ്ട് സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി കഴിഞ്ഞ ഏഴിനാണ് സഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്തുരാജ ആശുപത്രിയില്‍ പ്രസവിച്ചത്. വിവാഹേതര ബന്ധത്തിലുണ്ടാകുന്ന കുട്ടികളെയും അമ്മമാരെയും സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിക്കണമെന്നാണ് നിയമം. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായില്ലെന്ന് അറിഞ്ഞിട്ടും വിവരം മറച്ചു വെച്ചത് വൈദികനെ സഹായിക്കാനാണെന്നാണ് പൊലീസിന്റെ നിഗമനം. മാത്രവുമല്ല, പ്രസവിച്ച് രണ്ട് ദിവസത്തിനകം പെണ്‍കുട്ടിയെ തിടുക്കത്തില്‍ ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നിലും ദുരൂഹതയുണ്ട്.
ചോരക്കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത വൈത്തിരി അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരും കുഞ്ഞിനെ 24 മണിക്കൂറിനുളളില്‍ സിഡബ്ലുസി മുന്‍പാകെ ഹാജരാക്കണമെന്ന നിയമം പാലിച്ചില്ല. സംഭവത്തില്‍ വൈദികനെ സംരക്ഷിക്കാന്‍ ശ്രമിച്ച സഭയുടെ കീഴിലുളള വനിതാ സംഘടനയുടെ പ്രവര്‍ത്തകയെയും പോലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി വൈദികനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.