ഡാമിന് വേണ്ടി കുടിയൊഴിക്കപ്പെട്ടവര്‍ അവര്‍; വികാരനിര്‍ഭരം ഈ കൂടിക്കാഴ്ച
|വയനാട്ടിലെ ബാണാസുര സാഗര്‍ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം ഒത്തു ചേര്‍ന്നു
വയനാട്ടിലെ ബാണാസുര സാഗര്‍ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം ഒത്തു ചേര്‍ന്നു. പൂര്‍ണമായും വെള്ളത്തിനടിയിലായിപ്പോയ തരിയോട് ഗ്രാമത്തിലെ ആയിരത്തിലധികം കുടുംബങ്ങളില്‍ പെട്ടവരാണ് സംഗമത്തില്‍ പങ്കെടുത്തത്. വയനാടിന്റെ വിവിധ ഭാഗങ്ങളിലേക്കും ഇതര ജില്ലകളിലേക്കും പറിച്ചു നടപ്പെട്ടവര്‍ പങ്കെടുത്ത പരിപാടി വികാര നിര്‍ഭരമായി.
വികസനത്തിന്റെ പടയോട്ടത്തിനു മുന്‍പ് തരിയോട് ഗ്രാമത്തിലെ നടവഴികളിലൂടെ കൈകോര്‍ത്ത് നടന്നവര്‍.. ആലീസും രാജമ്മയും.. ഡാമിന്റെ പേരില്‍ പറിച്ചു നടപ്പെട്ടവരുടെ പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള കൂടിച്ചേരല്‍ വികാര നിര്‍ഭരമായിരുന്നു.
ബാണാസുര സാഗര്‍ പദ്ധതിക്കായി 1200 കുടുംബങ്ങളാണ് 1980കളില്‍ തരിയോട് ഗ്രാമത്തില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടത്. പോലീസ് ഔട്പോസ്റ്റും വ്യാപരസ്ഥാപനങ്ങളുമൊക്കെ ഉണ്ടായിരുന്ന പഴയ തരിയോടങ്ങാടി പൂര്‍ണമായും വെള്ളത്തിനടിയിലായി. പതിറ്റാണ്ടുകളായി സന്തോഷവും ദുഖവും പങ്കു വച്ച് കഴിഞ്ഞിരുന്നവര്‍ കിട്ടിയ നഷ്ടപരിഹാരവും വാങ്ങി പല നാടുകളില്‍ ചേക്കേറി. പലായനത്തിന്റെ നൊമ്പരങ്ങള്‍ പങ്കുവയ്ക്കാന്‍ മൂന്നര പതിറ്റാണ്ടിനിപ്പുറം തരിയോട് എസ്എ എല്‍പി സ്കൂളില്‍ അവര്‍ ഒത്തു ചേര്‍ന്നു.
വൈദ്യുതി ഉല്പ്പാദനത്തിലൂടെയും ടൂറിസത്തിലൂടെയും ബാണാസുര സാഗറില്‍ നിന്ന് കോടികളുടെ വരുമാനം സര്‍ക്കാറിനു ലഭിക്കുമ്പോഴും പുനരധിവസിക്കപ്പെട്ട പലരുടെയും ജീവിതം ദുരിതപൂര്‍ണമായി തുടരുകയാണ്.