നികേഷിനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ തീരുമാനം
|കോതമംഗലത്ത് ജോണി നെല്ലൂരിനെ പിന്തുണക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം
എംവി നികേഷ്‌കുമാറിനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച ധാരണയായത്. കോതമംഗലത്ത് ജോണി നെല്ലൂരിനെ പിന്തുണക്കേണ്ടെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
അഴീക്കോട് മണ്ഡലത്തില്‍ എംവി നികേഷ്‌കുമാറിനെ സ്വതന്ത്രനായി മത്സരിപ്പിക്കാനായിരുന്നു സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റും സംസ്ഥാന സെക്രട്ടറിയേററും ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ അഴീക്കോട്ട് പാര്‍ട്ടി ചിഹ്നത്തിലല്ലാതെ മത്സരിക്കുന്നത് അണികള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് മണ്ഡലം കമ്മറ്റി നിലപാടെടുക്കുകയായിരുന്നു.
അഴീക്കോട്ട് സിപിഎം സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി ചിഹ്നത്തിലല്ലാതെ മുന്‍പ് മത്സരിച്ചിട്ടില്ലെന്ന കാര്യവും നേതൃത്വം കണക്കിലെടുത്തു. ഇതോടെയാണ് നികേഷിനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കിയത്. നികേഷുമായി ചര്‍ച്ച ചെയ്തായിരിക്കും അന്തിമതീരുമാനം എടുക്കുക. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് നികേഷ് ജില്ല നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
കോതമംഗലത്ത് ജോണി നെല്ലൂരിനെ പരിഗണിക്കേണ്ടെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.യുഡിഎഫ് വിട്ടുവന്ന ജോണി നെല്ലൂര്‍ എല്‍ഡിഎഫിന്റ പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു.എന്നാല്‍ കോതമംഗലത്ത് ഡിവൈഎഫ്‌ഐ നേതാവ് ആന്റണി ജോണിനെ മത്സരിപ്പിക്കുന്നതിനാണ് സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കിയത്. തൊടുപഴയില്‍ റോയി വാരിക്കാട്ടിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിര്‍ത്താനും സിപിഎം തീരുമാനിച്ചു.