അട്ടപ്പാടിയിലെ ആദിവാസി കുട്ടികളില്‍ വലിയ അളവില്‍ രക്തക്കുറവുള്ളതായി ആരോഗ്യവകുപ്പ്
|ഷോളയൂരില്‍ മണികണ്ഠന്‍ എന്ന വിദ്യാര്‍ഥി മരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ആദിവാസി ഊരുകളില്‍ പരിശോധന നടത്തിയത്. അട്ടപ്പാടിയിലെ വിവിധ ഊരുകളിലായി മൊത്തം 12, 251 കുട്ടികളാണുള്ളത്.
അട്ടപ്പാടിയിലെ ആദിവാസി കുട്ടികളില്‍ വലിയ അളവില്‍ രക്തക്കുറവുള്ളതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഇതില്‍ ഭൂരിഭാഗവും പോഷകാഹാരക്കുറവ് മൂലമുള്ള രക്തക്കുറവാണ്. പദ്ധതികള്‍ താഴേതട്ടിലേക്കെത്തിക്കുന്നതിലെ വീഴ്ചയാണ് ആദിവാസികളില്‍ ആരോഗ്യ പ്രശ്നങ്ങളുടെ കാരണം.
ഷോളയൂരില്‍ മണികണ്ഠന്‍ എന്ന വിദ്യാര്‍ഥി മരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ആദിവാസി ഊരുകളില്‍ പരിശോധന നടത്തിയത്. അട്ടപ്പാടിയിലെ വിവിധ ഊരുകളിലായി മൊത്തം 12, 251 കുട്ടികളാണുള്ളത്. ഇതില്‍ 8325 കുട്ടികളെ പരിശോധന നടത്തിയപ്പോള്‍ 1377 കുട്ടികള്‍ക്ക് അനീമിയയുള്ളതായി കണ്ടെത്തി. അട്ടപ്പാടിയിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ നടപ്പാക്കിയ പദ്ധതികള്‍ പല ഊരുകളിലും നിലച്ചിട്ടുണ്ട്. സാമൂഹിക അടുക്കള മിക്കയിടങ്ങളിലും കാര്യക്ഷമമല്ലെന്ന് ആദിവാസികള്‍ പറയുന്നു.
കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്ന് പലപ്പോഴും ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സിലെ ജീവനക്കാരെക്കുറിച്ചും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം മരിച്ച മണികണ്‍ ഠനെ തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്കാണ് കോട്ടത്തറ ആശുപത്രിയില്‍ നിന്നും റഫര്‍ ചെയ്തത്. പക്ഷേ ആംബുലന്‍സില്‍ ഇവരെ കൊണ്ടുപോയത് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കാണ്. പ്രഖ്യാപിക്കുന്ന പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുന്നു എന്നുറപ്പാക്കുന്ന സംവിധാനമാണ് അട്ടപ്പാടിയില്‍ ഇനി ആവശ്യം.