കലക്ടര്‍ മാപ്പ് പറഞ്ഞു; സ്വാഗതം ചെയ്ത് എംപി
|തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാത്തിനും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും എംപിയെ അപമാനിക്കാന്‍ താന്‍ ആളല്ലെന്നും കലക്ടര്‍ എന്‍ പ്രശാന്ത്
കോഴിക്കോട് ജില്ലാ കലക്ടറും എം കെ രാഘവന്‍ എംപിയും തമ്മിലുള്ള തര്‍ക്കത്തില്‍ കലക്ടറുടെ ക്ഷമാപണം. തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാത്തിനും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും എംപിയെ അപമാനിക്കാന്‍ താന്‍ ആളല്ലെന്നും കലക്ടര്‍ എന്‍ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു. കോഴിക്കോട്ടെ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിമാനം കാത്തുസൂക്ഷിക്കാനുള്ള ശ്രമം വിജയം കണ്ടതില്‍ സന്തോഷമുണ്ടെന്നായിരുന്നു എം കെ രാഘവന്റെ പ്രതികരണം.
സ്വകാര്യ ഫേസ് ബുക്ക് പേജിലായിരുന്നു കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന്റെ ക്ഷമാപണം. കോഴിക്കോട് എംപി എം കെ രാഘവനുമായി ഉണ്ടായിരുന്ന നല്ല ബന്ധം വഷളായതില്‍ വിഷമമുണ്ട്. തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാനും വളര്‍ത്താനും ഇടയില്‍ പലരുമുണ്ട്. തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാത്തിനും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. ചില കാര്യങ്ങളില്‍ വൈകാരികമായി ഇടപെടാറുണ്ട്. ആരെയും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. വിവാദങ്ങള്‍ക്ക് താന്‍ തന്നെയാണ് ഉത്തരവാദി. പ്രായത്തിലും പദവിയിലും ഏറെ ഉന്നതിയിലുള്ള എംപിയോട് ഈഗോ കാണിക്കേണ്ട ആവശ്യം തനിക്കില്ലെന്നും കലക്ടര്‍ വിശദീകരിക്കുന്നു.
ഔദ്യോഗിക കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ട് പോകും. കാര്യങ്ങള്‍ നേരിട്ട് പറഞ്ഞ് ബോധ്യപ്പെടുത്താനാകുമെന്നാണ് വിശ്വാസമെന്ന പരാമര്‍ശത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. കലക്ടറുമായി വ്യക്തിപരമായി അഭിപ്രായവ്യത്യാസമില്ലെന്നായിരുന്നു എം കെ രാഘവന്റെ പ്രതികരണം.
ഇത് എന്റെ സ്വകാര്യ ഫേസ്ബുക്ക് പേജാണ്. മറ്റേതൊരു പൗരനേയും പോലെ, ഒരു ശരാശരി മലയാളിയെ പോലെ, ഞാൻ സുഹൃത്തുക്കളും ബന്ധുക്കള...
Posted by Prasanth Nair on Sunday, July 3, 2016
എംപി ഫണ്ടില്‍ നിന്നുള്ള വികസന പദ്ധതികളില്‍ ജില്ലാഭരണകൂടം കാലതാമസം വരുത്തുന്നുവെന്ന എം കെ രാഘവന്റെ വിമര്‍ശത്തോടെയാണ് ഇരുവരും തമ്മിലുള്ള പോരിന് തുടക്കമായത്. കലക്ടര്‍ മാപ്പ് പറയണമെന്ന എം കെ രാഘവന്റെ ആവശ്യത്തോട് ഫേസ് ബുക് പേജില്‍ കുന്ദംകുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയ്തായിരുന്നു കലക്ടറുടെ മറുപടി. കലക്ടറുടെ നടപടിയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കലക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എംപി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കുകയും ചെയ്തു. ഇതിനിടെയാണ് കലക്ടറുടെ ക്ഷമാപണം.