ആറന്മുളയിലെ തോല്‍വി : നേതൃമാറ്റം ആവശ്യപ്പെട്ട് കെപിസിസി കമ്മീഷന് പരാതി
|നിയമസഭാ തെരഞ്ഞടുപ്പിലെ പരാജയം പഠിക്കാന്‍ കെപിസിസി നിയോഗിച്ച കമ്മീഷന്‍ പത്തനംതിട്ട ഡിസിസിയില്‍ തെളിവെടുപ്പ് നടത്തി.
നിയമസഭാ തെരഞ്ഞടുപ്പിലെ പരാജയം പഠിക്കാന്‍ കെപിസിസി നിയോഗിച്ച കമ്മീഷന്‍ പത്തനംതിട്ട ഡിസിസിയില്‍ തെളിവെടുപ്പ് നടത്തി. ആറന്മുളയിലെ തോല്‍വിയെച്ചൊല്ലിയാണ് കമ്മീഷന് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. ജില്ലയില്‍ അടിയന്തിരമായി നേതൃമാറ്റം വേണമെന്ന് ഐ ഗ്രൂപ്പും ഒരു വിഭാഗം എ ഗ്രൂപ്പ് നേതാക്കളും ആവശ്യമുന്നയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉറച്ച കോട്ടയായ ആറന്മുളയിലടക്കം അപ്രതീക്ഷിത തോല്‍വി നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് പത്തനംതിട്ട കോണ്‍ഗ്രസില്‍ രൂപപ്പെട്ട ആഭ്യന്തര ഭിന്നത തന്നെയായിരുന്നു കമ്മീഷന് മുന്നിലും പരാതിയായി പ്രവഹിച്ചത്. മുന്‍ എംഎല്‍എ ബാബു പ്രസാദ്, കെപിസിസി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, കെപിസിസി സെക്രട്ടറി ജെയ്സണ്‍ ജോസഫ് എന്നിവരുള്‍പ്പെട്ട മുന്നംഗ കമ്മീഷനാണ് തെളിവെടുപ്പിനെത്തിയത്.
തെരഞ്ഞെടുപ്പിന് ശേഷം എ ഗ്രൂപ്പില്‍ രൂപപ്പെട്ട ഭിന്നത ഗ്രൂപ്പിനെ പിളര്‍പ്പിലെത്തിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജിനെ എതിര്‍ക്കുന്ന മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരും സംഘവും നേതൃത്വം ഉടനടി മാറണമെന്ന ആവശ്യം ഉന്നയിച്ചു. തന്നെ തോല്‍പിക്കാന്‍ ഡിസിസി പ്രസിഡന്റും മറ്റ് മൂന്ന് ഡിസിസി ഭാരവാഹികളും ശ്രമിച്ചെന്ന പരാതി ശിവദാസന്‍ നായര്‍ ആവര്‍ത്തിച്ചു.
അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ കെപിസിസി സെക്രട്ടറി പഴകളം മധുവിന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പും നേതൃമാറ്റം ആവശ്യപ്പെട്ടു. പ്രസിഡന്റ് പദവി ഐ ഗ്രൂപ്പിന് തന്നെ ലഭിക്കണമെന്ന വാദവും ഇവര്‍ ഉയര്‍ത്തി.
രണ്ടായി പിളര്‍ന്ന എ ഗ്രൂപ്പിന് ഇനിയും ഡിസിസി പ്രസിഡന്റ് പദവി നല്‍കരുതെന്നെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. പതിറ്റാണ്ടുകളായി പ്രസിഡന്റ് പദവി ജില്ലയില്‍ എ ഗ്രൂപ്പിനാണ് ലഭിക്കുന്നത് ഇനിയിത് തുടരാനാവില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ് നേതൃത്വം. തോല്‍വിയുടെ കാരണങ്ങള്‍ സ്ഥാനാര്‍ഥികളായിരുന്നവര്‍ കമ്മീഷനെ നേരിട്ടറിയിച്ചു. ജില്ലയിലെ സംഘടനാ സംവിധാനം പരാജയമായിരുന്നെന്ന പരാതിയാണ് വ്യാപകമായി ഉയര്‍ന്നത്. അതേസമയം ഐ ഗ്രൂപ്പുമായി അകന്ന് നില്‍ക്കുന്ന അടൂര്‍ പ്രകാശ് ജില്ലയിലെ പ്രശ്നങ്ങളില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. തിരുവല്ലയിലെ നിലപാടിന്റെ പേരില്‍ പി ജെ കുര്യനെതിരായും കമ്മീഷന് മുന്നില്‍ പരാതിയെത്തി.