മഴ കുറഞ്ഞു, പാലക്കാട്ടെ നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍
|കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ജില്ലയില്‍ നെല്‍കൃഷിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്
സംസ്ഥാനത്ത് ഏറ്റവുമധികം നെല്ലുല്‍പാദിപ്പിക്കുന്ന ജില്ലയാണ് പാലക്കാട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ജില്ലയില്‍ നെല്‍കൃഷിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ഇത്തവണ മഴയില്‍ 31.4 ശതമാന്തിന്റെ കുറവു കൂടി ഉണ്ടായതോടെ നെല്‍കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
2013 ലും 14ലും കാലവര്‍ഷം കനത്തെങ്കിലും കഴിഞ്ഞ വര്‍ഷം മഴ ഗണ്യമായി കുറഞ്ഞു. ഇതിന്റെ തുടര്‍ച്ചയെന്നോണം വേനലില്‍ സംസ്ഥാനത്തെ ഏറ്റവും കൂടിയ ചൂടും ജില്ലയില്‍ രേഖപ്പെടുത്തി. ഈ വര്‍ഷം ഇതുവരെ 1005.7 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. മലമ്പുഴ, ആളിയാര്‍, പറമ്പിക്കുളം, മീങ്കര തുടങ്ങി ജില്ലയിലെ ഡാമുകളില്‍ ഇത്തവണ ആവശ്യത്തിന് വെള്ളമില്ലാത്തത് നെല്‍കര്‍ഷകര്‍ക്ക് തിരിച്ചടിയാകും. തമിഴ്നാട്ടിലെ ആളിയാര്‍ ഡാമില്‍ നിന്ന് വെള്ളം ലഭിക്കാത്തതിനാല്‍ ചിറ്റൂര്‍ ഭാഗത്ത് പലരും ഒന്നാം വിള തന്നെ ഉപേക്ഷിച്ചു. കടുത്ത വരള്‍ച്ച നേരിടുന്ന വടകരപ്പതി, പെരുമാട്ടി, എരുത്തേമ്പതി പഞ്ചായത്തുകളില്‍ ഈ മഴക്കാലത്തും കുടിവെള്ളം പുറത്തുനിന്ന് എത്തിക്കേണ്ട അവസ്ഥയാണ്. കേരളത്തിന്റെ നെല്ലറയാണ് പാലക്കാട്. മഴ കുറയുന്നതിനൊപ്പം ചൂട് കൂടുകയും ചെയ്യുന്നത് തുടർന്നാല്‍ സംസ്ഥാനത്തിന്റെ തന്നെ കാർഷിക മേഖലയ്ക്ക് അത് തിരിച്ചടിയാകും.