കൂടുതല്‍ വിശ്വാസികളെ ഹജ്ജിന് കൊണ്ടുപോകാന്‍ അവസരം ഒരുക്കിയതിന്റെ സന്തോഷത്തില്‍ കേരള ഹജ്ജ് കമ്മിറ്റി
|കൃത്യമായ ഒരുക്കങ്ങള്‍ നടത്തിയതിലൂടെ ഈ വര്‍ഷം 10,268 പേര്‍ക്കാണ് കഅ്ബാ കാണാനുള്ള പുണ്യം ലഭിച്ചത്
കഴിഞ്ഞ വര്‍ഷത്തേക്കാളും ഇരട്ടിയിലധികം വിശ്വാസികളെ ഹജ്ജിന് കൊണ്ടുപോകാന്‍ അവസരം ഒരുക്കിയതിന്റെ സന്തോഷത്തിലാണ് കേരള ഹജ്ജ് കമ്മിറ്റി. കൃത്യമായ ഒരുക്കങ്ങള്‍ നടത്തിയതിലൂടെ ഈ വര്‍ഷം 10,268 പേര്‍ക്കാണ് കഅ്ബാ കാണാനുള്ള പുണ്യം ലഭിച്ചത്.
കഴിഞ്ഞ തവണ 6224 പേര്‍ക്ക് മാത്രമാണ് കേരളത്തില്‍ നിന്നും ഹജ്ജിന് പോകാനുള്ള അവസരം ലഭിച്ചത്. നാല് തവണ അപേക്ഷ നല്കിയ 8,317 പേര്‍ക്ക് അവസരം നഷ്ടമാകുകയും ചെയ്തു. എന്നാല്‍ കേരള ഹജ്ജ് കമ്മിറ്റി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ ഇത്തവണ ഇവര്‍ക്കും ഹജ്ജിനുള്ള ഭാഗ്യം ലഭിച്ചു. കൂടാതെ 70 വയസിന് മുകളില്‍ പ്രായമുള്ള 1676 പേര്‍ക്കും ഇത്തവണ അവസരം ലഭിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ ക്യാന്‍സല്‍ ചെയ്യുന്ന സീറ്റുകളും കൃത്യമായി ഉപയോഗിച്ചതോടെയാണ് കേരളത്തില്‍ നിന്നും 10,268 പേര്‍ക്ക് ഹജ്ജിനുള്ള ഭാഗ്യം ലഭിച്ചത്. അപേക്ഷ നല്കുന്ന എല്ലാവര്‍ക്കും കൃത്യമായി പരിശീലനം നല്കുകയും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നതിനാല്‍ ഒഴിവ് വരുന്ന സീറ്റുകളില്‍ വളരെ വേഗം തന്നെ ഇവര്‍ക്ക് അവസരം നല്കാന്‍ കേരള ഹജ്ജ് കമ്മിറ്റിക്ക് സാധിക്കുന്നുണ്ട്. അതേസമയം നാലാം തവണയും അപേക്ഷിച്ചിട്ട് അവസരം ലഭിക്കാത്ത 9085 പേര്‍ ഇത്തവണയും ഉണ്ട്. അടുത്ത ഹജ്ജിന് മുന്‍പ് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഇവര്‍ക്കുള്ള അവസരവും നേടിയെടുക്കാനാണ് ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം.