അഴിമതിക്കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തുടരുന്നുവെന്ന് വിഎസ്
|വി എസ് അച്യുതാനന്ദന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് കത്ത് നല്‍കി
മലബാർ സിമൻറ് അഴിമതിക്കേസിൽ പ്രതികളായ ഉദ്യോഗസ്ഥർ സർവ്വീസിൽ തുടരുന്നതിനെതിരെ വി എസ് അച്യുതാനന്ദൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി വിഎസ് വ്യവസായവകുപ്പ് മന്ത്രിക്ക് കത്തയച്ചു. ഉദ്യോഗസ്ഥർ സർവീസിൽ തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് വിഎസ് കത്തിൽ ചൂണ്ടിക്കാട്ടി.
മലബാർ സിമൻറ്സ് അഴിമതിക്കേസിൽ പ്രതിയായ മുൻ എംഡി കെ പത്മകുമാറിനെയും മറ്റു ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് മാറ്റിനിർത്തമെന്ന് ആവശ്യപ്പെട്ടാണ് ഭരണപരിഷ്കരണ കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ വ്യവസായ മന്ത്രി ഇ പി ജയരാജന് കത്തയച്ചത്. വിജിലൻസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് പത്മകുമാറിനെ മലബാർ സിമിൻറസ് എംഡി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എന്നാൽ പത്മകുമാർ സംസ്ഥാനത്തെ പൊതുമേഖല വ്യവസായ സ്ഥാപനങ്ങളുടെ നിരീക്ഷണ ചുമതലയുളള റിയാബിന്റെ സെക്രട്ടറി സ്ഥാനത്ത് തുടരുകയാണെന്ന് വിഎസ് കത്തിൽ ചൂണ്ടിക്കാട്ടി. പ്രതികളായ മറ്റ് ഉദ്യോഗസ്ഥരും സർവീസിൽ തുരുകയാണ്. അന്വേഷണം സുതാര്യമാകാൻ ഈ ഉദ്യോഗസ്ഥരെ ചുമതലകളിൽ നിന്ന് മാറ്റി നിർത്തേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് വിഎസ് കത്തയച്ചത്.
ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ജോയ്കൈതാരം നൽകിയ നിവേദനവും വിഎസ് കത്തിനൊപ്പം നൽകിയിട്ടുണ്ട്. മലബാർ സിമിൻറ്സ് അഴിമതിക്കേസിൽ വ്യവസായവകുപ്പ് ഒത്തുകളിക്കുന്നുവെന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് വിഎസിന്റെ ഇടപെടൽ.