Kerala
സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി; ആലപ്പുഴയില്‍ വിഭാഗീയത തലപൊക്കുന്നുസ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി; ആലപ്പുഴയില്‍ വിഭാഗീയത തലപൊക്കുന്നു
Kerala

സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി; ആലപ്പുഴയില്‍ വിഭാഗീയത തലപൊക്കുന്നു

admin
|
13 Nov 2017 4:26 PM GMT

വി എസ് പക്ഷത്തെ രണ്ട് പേരെയും ഒഴിവാക്കിയത് കെട്ടടങ്ങിയ വിഭാഗീയത തല പൊക്കാന്‍ കാരണമായി.

ആലപ്പുഴയില്‍ സി പി എം സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തീയാക്കാനായെങ്കിലും വിഭാഗീയ തര്‍ക്കം വരും നാളുകളില്‍ വര്‍ധിക്കാനാണ് സാധ്യത. വി.എസ് വിഭാഗത്തെ പ്രമുഖരെ ഒഴിവാക്കിയതും പ്രാദേശിക എതിര്‍പ്പുകളെ അവഗണിച്ചതും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി തലത്തില്‍ ആരംഭിച്ചു കഴിഞ്ഞു.

നാലാം തവണ തോമസ് ഐസകിനും ആറാം തവണ ജി സുധാകരനും അവസരം നല്‍കുമ്പോള്‍ സി കെ സദാശിവനെ ഒഴിവാക്കി. വനിതാ പ്രാതിനിധ്യം വെച്ച് പ്രാദേശിക നേതാവല്ലാത്തവരെ വരെ പരിഗണിച്ചിട്ടും സംസ്ഥാന കമ്മിറ്റിയംഗം സി.എസ്.സുജാതയെയും തഴഞ്ഞു. വി എസ് പക്ഷത്തെ ഈ രണ്ട് പേരെയും ഒഴിവാക്കിയത് കെട്ടടങ്ങിയ വിഭാഗീയത തല പൊക്കാന്‍ കാരണമായി. അതിന്റെ തെളിവാണ് ജില്ലാ നേതൃത്വത്തിനെതിരെ പ്രാദേശിക നേതൃത്വം പരാതി നല്‍കിയതും പോസ്റ്റര്‍ പ്രചരണം നടത്തിയതും.

സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ വരെ ഔദ്യോഗിക പക്ഷത്തുള്ളവര്‍ പോലും എതിര്‍പ്പ് പ്രകടിപ്പിച്ചയാളെ സ്ഥാനാര്‍ഥിയാക്കുന്നതിന് കടുംപിടുത്തമുണ്ടായത് ചിലരുടെ മാത്രം താത്പര്യമാണെന്നാണ് ആരോപണം. ജില്ലാ സെക്രട്ടറി സജി ചെറിയാനെ മത്സരിപ്പിക്കാന്‍ അവസാന നിമിഷം വരെ ചരടുവലി നടത്തിയതും ഭിന്നിപ്പിന് ഇടയാക്കിയിട്ടുണ്ട്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയിട്ടാണെങ്കിലും സീറ്റ് നേടിയെടുക്കാന്‍ ശ്രമം നടത്തിയെന്നും ആരോപണമുണ്ട്.

കായംകുളത്തെ സ്ഥാനാര്‍ഥിക്കെതിരെ ഘടകക്ഷിയായ സി പി ഐ നേരത്തെ തന്നെ ഉന്നയിച്ച പരാതിയിന്മേല്‍ പരിഹാരം കാണാന്‍ കഴിയാത്തത് യു ഡി എഫ് പ്രചാരണായുധമാക്കുമെന്നും സി പി എമ്മില്‍ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണകാലത്ത് സ്വന്തം മുന്നണിയിലെ വൈസ് പ്രസിഡന്റ് നടത്തിയ അഴിമതി ആരോപണം സംബന്ധിച്ച ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും തര്‍ക്കം തീര്‍ക്കാനായിട്ടില്ല.

Similar Posts