Kerala
ജനങ്ങളുടെ കാവലാളായി തുടരും; സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചിട്ടില്ലെന്ന് വിഎസ്ജനങ്ങളുടെ കാവലാളായി തുടരും; സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചിട്ടില്ലെന്ന് വിഎസ്
Kerala

ജനങ്ങളുടെ കാവലാളായി തുടരും; സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചിട്ടില്ലെന്ന് വിഎസ്

admin
|
15 Nov 2017 9:41 PM GMT

തെരഞ്ഞെടുപ്പിലും കഴിഞ്ഞ അഞ്ചു വര്‍ഷവും ഇടതുപക്ഷത്തെയും തന്നെയും പിന്തുണ എല്ലാവര്‍ക്കും വിഎസ് നന്ദി രേഖപ്പെടുത്തി.

ഇടതുപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളുടെ കാവലാളായി നിലകൊള്ളുമെന്ന് വിഎസ് അച്യുതാന്ദന്‍. പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിഞ്ഞുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിഎസ് നിലപാട് വ്യക്തമാക്കിയത്. മുന്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സുതാര്യമായ അന്വേഷണം നടത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കുന്നയാളല്ല താനെന്നായിരുന്നു വിഎസിന്റ മറുപടി.

സിപിഎം നേതൃത്വവും അണികളും ആശങ്കപ്പെട്ടതുപോലുളള വിമതശബ്ദങ്ങളൊന്നും ഉയര്‍ത്താതെയാണ് പ്രതിപക്ഷനേതൃസ്ഥാനത്തു നിന്നുളള വിടവാങ്ങല്‍ വാര്‍ത്തസമ്മേളനം വിഎസ് അച്യുതാനന്ദന്‍ പൂര്‍ത്തിയാക്കിയത്. പിണറായി വിജയന്റ നേതൃത്വത്തിലുളള പുതിയ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ വിഎസ് ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് ജനങ്ങളുടെ കാവലാളായി താന്‍ തുടര്‍ന്നുമുണ്ടാകുമെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനെ കുറിച്ചുളള ചോദ്യങ്ങളില്‍ നിന്നു വിഎസ് ഒഴിഞ്ഞുമാറി.

എല്‍ഡിഎഫിനെ വിജയപ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ വിഎസ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സുതാര്യമായ അന്വേഷണം നടത്തുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. വിടവാങ്ങല്‍ സംബന്ധിച്ച ചോദ്യങ്ങളോടെല്ലാം കരുതലോടെയായിരുന്നു മറുപടി. തിരുവനന്തപുരത്ത് തന്നെയുണ്ടാകുമെന്നും തന്നെ കാണാന്‍ ആലപ്പുഴയിലേക്ക് വരേണ്ടതില്ലെന്നും വ്യക്തമാക്കിയ വിഎസ് ഗുഡ്‌ബൈ പറഞ്ഞാണ് പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും പടിയിറങ്ങിയത്‌.

Similar Posts