ചിലവന്നൂരിലെ തോട് ഫ്ലാറ്റ് നിര്‍മാതാക്കള്‍ നികത്തിയതായി കണ്ടെത്തി
|ജില്ലാ സര്‍വ്വേ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വേയിലാണ് തോട് നികത്തിയതായി കണ്ടെത്തിയത്.
ചിലവന്നൂരിലെ കൊച്ചാപ്പിള്ളി തോട് ഫ്ലാറ്റ് നിര്‍മാതാക്കള്‍ നികത്തിയതായി കണ്ടെത്തി. ജില്ലാ സര്‍വ്വേ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വേയിലാണ് തോട് നികത്തിയതായി കണ്ടെത്തിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് പ്രദേശത്ത് സര്‍വ്വേ നടത്തിയത്.
ചിലവന്നൂരിലെ വന്‍കിട ഫ്ലാറ്റ് നിര്‍മാതാക്കളായ പേള്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊജക്റ്റ് ലിമിറ്റഡ് തോട് നികത്തിയെന്ന പരാതിയെ തുടര്‍ന്നാണ് പ്രദേശം അളന്ന് പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. 14 മീറ്റര്‍ വീതിയുണ്ടായിരുന്ന തോട് ഫ്ലാറ്റുടമകള്‍ നികത്തുകയും കയ്യേറുകയും ചെയ്തെന്നായിരുന്നു പരാതി. പരാതി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പ്രദേശം ജില്ലാ സൂപ്രണ്ടിന്‍റെ സഹായത്തോടെ പൂര്‍ണമായും സര്‍വ്വേ നടത്തി കയ്യേറ്റം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. കയ്യേറ്റം ഉണ്ടെന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കാനും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ മെയ് 29 ന് ജില്ലാ സര്‍വ്വേ സൂപ്രണ്ട് റഷീദിന്‍റെ നേതൃത്വത്തില്‍ പ്രദേശത്ത് സര്‍വ്വേ നടത്തിയത്.
സര്‍വ്വേ നടത്തിയതില്‍ തോട് കയ്യേറി നികത്തിയാണ് ഫ്ലാറ്റ് നിര്‍മിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ഫ്ലാറ്റിന്‍റെ ഇരു കെട്ടിടങ്ങള്‍ക്കും ഇടയിലൂടെ 2.545 സെന്‍റ് ഭൂമി തോട് നികത്തി ഫ്ലാറ്റ് നിര്‍മാതാക്കള്‍ കയ്യേറിയതായി സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കയ്യേറ്റം സംബന്ധിച്ച വിശദമായ സ്കെച്ചും സൂപ്രണ്ട് അഡീഷണല്‍ തഹസില്‍ദാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ ചിലവന്നൂര്‍ തീരത്തെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി കെസിഇസഡ്എംഎ നിയോഗിച്ച ഉപസമിതിയും തോട് കയ്യേറി നികത്തിയതായി കണ്ടെത്തിയിരുന്നു. അതേസമയം തങ്ങള്‍ ഭൂമി വാങ്ങുന്നതിന് മുന്‍പുതന്നെ തോട് നികത്തിയിട്ടുണ്ടെന്നാണ് ഫ്ലാറ്റുടമകളുടെ വിശദീകരണം.