കുഴല്‍പ്പണം കവര്‍ന്നെന്ന് സംശയിച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു
|തട്ടിക്കൊണ്ടു പോയത് കര്‍ണാടക പോലീസും ഗുണ്ടാസംഘവും ചേര്‍ന്ന്
കുഴല്‍പ്പണം കവര്‍ന്ന കേസില്‍ നിരപരാധിയായ യുവാവിനെ കര്‍ണാടക പോലീസും ഗുണ്ടാസംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു.
കോഴിക്കോട് താമരശ്ശേരി സ്വദേശി സക്കീര്‍ ഹുസൈനാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. അഞ്ച് ദിവസം അന്യായ തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ച ശേഷം നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ വിട്ടയക്കുകയായിരുന്നു.
താമരശ്ശേരി ചുങ്കത്തെ വീട്ടില്‍ നിന്നും ഈ മാസം ഇരുപത്തിമൂന്നിനാണ് സക്കീര്‍ ഹുസൈനെ തട്ടിക്കൊണ്ടു പോയത്. കര്‍ണാടകയിലെ ശ്രീമംഗലം പോലീസ് സ്റ്റേഷനിലും പിന്നീട് ഒരു റിസോര്‍ട്ടിലും വെച്ച് സക്കീറിനെ കര്‍ണാടക പോലീസും കുഴല്‍പ്പണക്കാരുടെ ഗുണ്ടാസംഘങ്ങളും ചേര്‍ന്ന് മര്‍ദ്ദിച്ചു. കാലില്‍ മുറിവുകളുണ്ടാക്കി മുളകു തേച്ച് പെട്രോളൊഴിച്ചു. സംഭവത്തിന് പിന്നില്‍ താമരശ്ശേരിയിലെ മൂന്നു കുഴല്‍പ്പണ ഇടപാടുകാരാണെന്ന് സക്കീര്‍ ഹുസൈന്‍ സംശയിക്കുന്നുണ്ട്.
കര്‍ണാടകയില്‍ നിന്നും കോഴിക്കോട്ടേക്ക് കടത്തുന്നതിനിടെ ഒന്നര കോടി രൂപയുടെ കുഴല്‍പ്പണം ഒരു സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് സക്കീര്‍ ആക്രമിക്കപ്പെട്ടത്.