ജഡ്ജിക്ക് കോഴ വാഗ്ദാനം: വിജിലന്‍സ് അന്വേഷണം തുടങ്ങി
|എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ് പി ശശിധരനാണ് അന്വേഷണ ചുമതല
വിധി സ്വാധീനിക്കാനായി കോഴ വാഗ്ദാനം ചെയ്തെന്ന ജഡ്ജിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. എറണാകുളം സ്പെഷ്യല്‍ സെല്‍ എസ്‍പി ശശിധരനാണ് അന്വേഷണ ചുമതല. അഭിഭാഷകരുടെ മൊഴി രേഖപ്പെടുത്തിയശേഷം വേണ്ടിവന്നാല്‍ ജഡ്ജിയുടെ മൊഴിയും രേഖപ്പെടുത്തും. കോഫേപോസ നിയമപ്രകാരം തടവിലുള്ള പ്രതിയുടെ അനുയായി കോഴവാഗ്ദാനം ചെയ്തെന്ന് ജഡ്ജി കെടി ശങ്കരനാണ് വെളിപ്പെടുത്തിയത്.
ജഡ്ജിയില്‍ നിന്ന് മൊഴിയെടുക്കാനായി വേണ്ടി വന്നാല്‍ ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനെ സമീപിച്ച് അനുമതി തേടും. എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ് പി ശശിധരനാണ് അന്വേഷണ ചുമതല. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് അന്വേഷണം.
കഴിഞ്ഞ ദിവസം ഓപ്പണ്‍കോര്‍ട്ടിലാണ് ഹൈക്കോടതി ജഡ്ജി കെ ടി ശങ്കരന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തിയത്.നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതിക്ക് അനുകൂലമായി വിധി പറയുകയാണെങ്കില് 25 ലക്ഷം രൂപ ആദ്യവും അതിന് ശേഷം എന്തുതുക വേണമെങ്കിലും നല്‍കാമെന്ന് തന്നെ പരിചയമുള്ള ഒരാള്‍ ഫോണിലൂടെ അറിയിച്ചുവെന്നായിരുന്നു ജസ്റ്റിസിന്റെ വെളിപ്പെടുത്തല്‍.