തോല്‍വിയുടെ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണം: സി എന്‍ ബാലകൃഷ്ണന്
|ജാള്യത മറക്കാനാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്ന് സി എന്‍ ബാലകൃഷ്ണന്
കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനാണന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി എന്‍ ബാലകൃഷ്ണന് പറഞ്ഞു. കാരണക്കാരായവര്‍ സ്വയം മാറണം. തനിക്കെതിരായ ആരോപണങ്ങള്‍ തോല്‍വിയുടെ ജാള്യത മറക്കാനുള്ള ഗൂഢാലോചനയാണെന്നും സി എന്‍ ബാലകൃഷ്ണന് തൃശ്ശൂരില്‍ പറഞ്ഞു. തൃശ്ശൂര്‍ ജില്ലയിലെ കൂട്ടതോല്‍വിക്ക് കാരണം സി എന്‍ ബാലകൃഷ്ണനാണന്ന് അനില്‍ അക്കരയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തനിക്കെതിരായ ആരോപണങ്ങളോട് വികാരാധീനനായാണ് സി എന്‍ ബാലകൃഷ്ണന് പ്രതികരിച്ചത്. ലോകസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം തൃശ്ശൂരിലെ പ്രശ്നങ്ങള്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും അറിയിച്ചിരുന്നു. ഒരു പ്രതികരണവും നടപടിയും ഉണ്ടായില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തൃശ്ശൂരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ പരിഗണിച്ചില്ല.
തോല്‍വിയുടെ ജാള്യത മറക്കുവാനാണ് ചിലര്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തോറ്റവര്‍ സ്വയം വിലയിരുത്തലിന് തയ്യാറാകണമെന്നും സി എന്‍ ബാലകൃഷ്ണന് പറഞ്ഞു. ഇല്ലാത്ത ആരോപണങ്ങളില്‍ തനിക്ക് വേദനയുണ്ടന്നും പാര്‍ട്ടി വിരുദ്ധമായി ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും സി എന്‍ ബാലകൃഷ്ണന് പറഞ്ഞു.