കോണ്‍ഗ്രസ് - ജെഡിയു സീറ്റ് ചര്‍ച്ച വീണ്ടും പരാജയം
|ഒരു സീറ്റും മാറ്റി നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. എന്നാല്‍ 7 സീറ്റും കോണ്‍ഗ്രസ് ഏറ്റെടുത്തോളൂവെന്ന് ജെഡിയു നേതാക്കള്‍
ജെഡിയു - കോണ്‍ഗ്രസ് സീറ്റുചര്‍ച്ച അലസി. ഒരു സീറ്റും മാറ്റി നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. എന്നാല്‍ 7 സീറ്റും കോണ്‍ഗ്രസ് ഏറ്റെടുത്തോളൂവെന്ന് ജെഡിയു നേതാക്കള്‍ പ്രതികരിച്ചു. ആര്‍എസ്‍പിയുമായുള്ള ചര്‍ച്ചയിലും തീരുമാനമായില്ല. യുഡിഎഫിലെ സീറ്റു വിഭജനം തിങ്കളാഴ്ചയോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.
മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ നേരത്തെ തന്നെ ധാരണയായ ജെഡിയുവുമായുള്ള പ്രധാന ചര്‍ച്ച തിരുവനന്തപുരം - കൊച്ചി മേഖലയിലെ മത്സര സാധ്യതയുള്ള സീറ്റായിരുന്നു. ജെഡിയു ആവശ്യപ്പെട്ട കായംകുളം നല്‍കിയില്ലെങ്കിലും മറ്റൊരു സീറ്റ് ആകാമെന്ന സൂചന കോണ്‍ഗ്രസ് കഴിഞ്ഞ ചര്‍ച്ചയില്‍ നല്‍കിയിരുന്നു. എന്നാല്‍ ഒരു സീറ്റും മാറ്റി നല്‍കാന്‍ കഴിയില്ലെന്ന നിലപാട് കോണ്‍ഗ്രസ് എടുത്തതോടെ ജെഡിയു പ്രതിഷേധിച്ചു. എന്നാല്‍ പിന്നെ 7 സീറ്റുകളും കോണ്‍ഗ്രസ് തന്നെ എടുത്തോളൂ എന്നായി ജെഡിയു. ഇനി ചര്‍ച്ചക്കില്ലെന്നും ജെഡിയു പറഞ്ഞു. തുടര്‍ന്ന് ഡല്‍ഹിയില്‍ വെച്ച് അന്തിമ ചര്‍ച്ച നടത്താമെന്ന് പറഞ്ഞാണ് പിരിഞ്ഞത്.
ആര്‍എസ്‍പിയുമായുള്ള ചര്‍ച്ചയില്‍ സീറ്റുകളുടെ എണ്ണത്തേക്കാള്‍ സീറ്റുകള്‍ ഏതെന്ന കാര്യത്തിലാണ് തര്‍ക്കം. അരുവിക്കരക്ക് പകരം ആറ്റിങ്ങല്‍ നല്‍കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞെങ്കിലും ആര്‍എസ്‍പിക്ക് അത് സ്വീകാര്യമല്ല. മലബാര്‍ മേഖലയില്‍ നല്‍കാനുള്ള സീറ്റിന്‍റെ കാര്യത്തിലും ധാരണയിലെത്താന്‍ കഴിഞ്ഞില്ല. ആര്‍എസ്‍പിയുമായി തിങ്കളാഴ്ച ചര്‍ച്ച നടന്നേക്കും. കേരള കോണ്‍ഗ്രസ് മാണി, ജേക്കബ് വിഭാഗങ്ങളുമായി തിങ്കളാഴ്ചയാണ് ചര്‍ച്ച. ലീഗുമായി ഫോണില്‍ ചര്‍ച്ച നടത്തി ധാരണയിലെത്തും.