അതിരപ്പിള്ളി പദ്ധതിയെ എതിര്‍ത്ത് വിഎസ്
|അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദഗതികളെ പൂര്‍ണമായും തളളിയാണ് ഭരണ പരിഷ്കരണ കമ്മീഷന്‍ അധ്യക്ഷന്‍ കൂടിയായ വി എസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ എതിര്‍ത്ത് വി എസ് അച്യുതാനന്ദന്‍. നിലവിലെ സാഹചര്യത്തില്‍ അതിരപ്പിള്ളി പദ്ധതി കേരളത്തിന് ഗുണകരമാകില്ല. ഈ വിഷയത്തില്‍ ഇടതു മുന്നണിയില്‍ സമവായമുണ്ടാകേണ്ടതുണ്ടെന്നും വിഎസ് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദഗതികളെ പൂര്‍ണമായും തളളിയാണ് ഭരണ പരിഷ്കരണ കമ്മീഷന്‍ അധ്യക്ഷന്‍ കൂടിയായ വി എസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇന്നത്തെ ഗുരുതരമായ പാരിസ്ഥിതികാവസ്ഥ കണക്കിലെടുത്ത് ഈ പദ്ധതി നടപ്പാക്കുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ സമവായമുണ്ടാക്കേണ്ടതുണ്ട്. പരിസ്ഥിതി രംഗത്തെ വിദഗ്ധരും സംഘടനകളും പറയുന്നതെല്ലാം തെറ്റാണെന്ന് വിധിയെഴുതുന്നത് ഗുണകരമല്ലെന്നും വിഎസ് അഭിമുഖത്തില്‍ പറയുന്നു.
സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പോലീസിന് സ്വാതന്ത്ര്യം നല്‍കുന്നതാണ് ശരി. മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യണമെന്ന് നിര്‍ബന്ധമില്ല. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് അങ്ങനെ ആയിരുന്നില്ലെന്നും വിഎസ് പറയുന്നു. വെട്ടി നിരത്തല്‍ സമരം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. കോടതികള്‍ വഴി കൈയേറ്റങ്ങള്‍ സാധൂകരിച്ചെടുക്കുകയാണ് കൈയേറ്റക്കാര്‍ ചെയ്യുന്നത്. സമരം ചെയ്യുന്നവരെയടക്കം തുറങ്കിലടക്കാന്‍ യുഎപിഎ പോലുള്ള നിയമങ്ങള്‍ ഉപയോഗിക്കുന്നു. സുരക്ഷാ സേനകളുടെ ബലം കൊണ്ട് മാവോയിസ്റ്റുകളെ ചെറുക്കാന്‍ സാധിക്കില്ല. അക്രമം തടയാന്‍ കിരാത നിയമങ്ങള്‍ ഉപയോഗിക്കുകയോ അവരെ നിരോധിക്കുകയോ അല്ല ചെയ്യേണ്ടത്. മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ ക്രിയാത്മകമായ ഇടപെടലുകളാണ് ആവശ്യമെന്നും വിഎസ് പറഞ്ഞു.
സ്വകാര്യ മാനേജ്മെന്‍റുകളുടെ ചൂഷണത്തിനും പീഡനത്തിനും തടയിടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ത്ഥി പീഡനങ്ങള്‍ ക്രിമിനല്‍ നിയമങ്ങളനുസരിച്ച് കര്‍ശനമായി നേരിടണമെന്നും വിഎസ് അഭിമുഖത്തില്‍ ആവശ്യപ്പെടുന്നു.