റേഷന്‍ കടകളിലൂടെയുളള ഭക്ഷ്യവിതരണം നിലച്ചു
|ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി റേഷന്‍ കടകളിലെത്തിക്കേണ്ട ഭക്ഷ്യധാന്യങ്ങള്‍ എത്താതായതോടെയാണ് റേഷന്‍ വിതരണം നിലച്ചത്.
സംസ്ഥാനത്ത റേഷന്‍ കടകളിലൂടെയുളള ഭക്ഷ്യവിതരണം നിലച്ചു. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി റേഷന്‍ കടകളിലെത്തിക്കേണ്ട ഭക്ഷ്യധാന്യങ്ങള്‍ എത്താതായതോടെയാണ് റേഷന്‍ വിതരണം നിലച്ചത്. എഫ്സിഐ ഗോഡൌണുകളില്‍ ഭക്ഷ്യധാന്യങ്ങളുണ്ടെങ്കിലും സാങ്കേതിക പ്രശ്നമാണ് വിതരണകേന്ദ്രങ്ങളിലേക്ക് എത്താത്തതിന് കാരണം.
കഴിഞ്ഞ ദിവസം ആരംഭിച്ച ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരമുളള റേഷന്‍ വാങ്ങാനെത്തിയതാണ് രാമനാഥന്. റേഷന്‍ കടയിലെത്തിയപ്പോഴാണ് ഭക്ഷ്യധാന്യങ്ങള്‍ എത്തിയിട്ടില്ലെന്നറിയുന്നത്. നോട്ട് നിരോധത്തെ തുടര്‍ന്നുളള പ്രതിസന്ധിക്ക് പിന്നാലെയാണ് രാമനാഥനെ പോലെ മുന്‍ഗണനാ കാര്ഡിലിലുള്പ്പെട്ടവര്ക്ക് റേഷന്‍ വിഹിതവും ഇല്ലാതാകുന്നത്.
ഭക്ഷ്യസുരക്ഷാ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയെന്നാണ് സര്‍ക്കാര്‍ അവകാശവാദം. എന്നാല്‍ ഒരു റേഷന്‍ കടയിലും ഇതുവരെ അരിയോ ഗോതമ്പോ എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ റേഷന്‍ കടകള്‍ വെറുതെ തുറന്നിരിക്കുകയാണ് ഉടമകള്‍.
രണ്ട് ദിവസത്തിനകം റേഷന്‍കടകളില്‍ ഭക്ഷ്യധാന്യം എത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. എത്തിയാലും മുന്‍ഗണനാ പട്ടികയിയുള്ളവര്ക്കും എ എ വൈ കാര്‍ഡുടമകള്‍ക്കും മാത്രമേ റേഷന്‍ ലഭിക്കൂ. മുന്‍ഗണനാ ഇതര വിഭാഗത്തില്‍പ്പെട്ട 1.21 കോടി ജനങ്ങള്‍ക്ക് ഈ മാസം റേഷന്‍ ഉണ്ടാകില്ല.