സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി ബിജെപി
|ചരിത്രത്തിലാദ്യമായി കേരള നിയമസഭയില്‍ പ്രാതിനിധ്യം നേടിയ ബിജെപി സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി.
ചരിത്രത്തിലാദ്യമായി കേരള നിയമസഭയില്‍ പ്രാതിനിധ്യം നേടിയ ബിജെപി സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി. നേതാക്കള്‍ക്കും അണികള്‍ക്കുമൊപ്പം പ്രകടനമായെത്തിയാണ് ഒ രാജഗോപാല്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തത്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണയില്ലാതെ വിജയിച്ചെത്തിയ പി സി ജോര്‍ജിനും വലിയ സ്വീകരണം ലഭിച്ചു.
പയ്യാമ്പലത്ത് നിന്ന് തുടങ്ങിയ രാജഗോപാലിന്റെ വിജയയാത്രക്ക് രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സ്വീകരണം. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, രാജ്യസഭ എം പി സുരേഷ് ഗോപി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത സ്വീകരണച്ചടങ്ങിന് ശേഷം പ്രകടനമായി സഭയിലേക്ക്. സഭയില്‍ പ്രമുഖരുമായി കുശലം പറഞ്ഞ ശേഷം പ്രതിപക്ഷത്തെ മുന്‍നിരയിലെ സീറ്റിലേക്ക്. 84ാമനായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ
സത്യപ്രതിജ്ഞാ ദിവസത്തിലും പി സി ജോര്‍ജ് തന്നെയായിരുന്നു താരം. സഗൌരവം ദൈവനാമത്തില്‍ പ്രതിജ്ഞ. പുറത്തിറങ്ങിയ ജോര്‍ജിനെ അണികള്‍ പൊതിഞ്ഞു. വിഷയാധിഷ്ഠിതമായിരിക്കും സഭയില്‍ തന്റെ നിലപാടുകളെന്ന് ജോര്‍ജ് വ്യക്തമാക്കി.