സഹകരണ മേഖലയിലെ പ്രശ്നം ഗുരുതരം; ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണം: സുപ്രീംകോടതി
|കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്നം ഗുരുതരമെന്ന് സുപ്രീംകോടതി.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സഹകരണ മേഖല നേരിടുന്ന പ്രശ്നം ഗുരുതരമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് കേന്ദ്രം പരിഹാര നടപടി നിര്‍ദ്ദേശിക്കണമെന്നും കോടതി പറഞ്ഞു. എന്നാല്‍ അടിസ്ഥാന സൌകര്യ കുറവുള്ളത് കൊണ്ടാണ് പഴയ നോട്ട് സ്വീകരിക്കാനും ഉപയോഗിക്കാനും സഹകരണ ബാങ്കുകളെ അനുവദിക്കാത്തത് എന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചു.
നോട്ട് അസാധുവിക്കലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. പഴയ നോട്ടുപയോഗിച്ചുള്ള ക്രയവിക്രിയത്തിന്‍റെ നിയന്ത്രണം കാരണം സാധാരണക്കാര്‍ കഷ്ടപ്പെടുകയാണെന്ന് സഹകരണ ബാങ്കുകള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ തീരുമാനത്തെ കേന്ദ്രം കോടതിയില്‍ ന്യായീകരിച്ചു. ഇന്‍റര്‍നെറ്റ് ബാങ്കിംഗ് ഉള്‍പ്പെടെ അടിസ്ഥാന സൌകര്യങ്ങളുടെ കുറവുള്ളത് കൊണ്ടാണ് സഹരണബാങ്കുകള്‍ക്ക് ഇളവ് നല്‍കാത്തതെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തകി പറഞ്ഞു.
ഈ വാദവും കേട്ട ശേഷം വിഷയം ഗൌരവമുള്ളതാണെന്ന് സമ്മതിച്ച കോടതി അക്കാര്യം വിശദമായി പരിശോധിക്കാമെന്നും വ്യക്തമാക്കി. പരിഹാര നടപടികള്‍ സംബന്ധിച്ച് ഉടന്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും കേന്ദ്രത്തോട് ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ഹരജികള്‍ ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. തീരുമാനത്തിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ളവ ഇതില്‍ പ്രധാനമാണ്.
ഈ സാഹചര്യത്തില്‍ വിഷയത്തിനനുസരിച്ച് ഹര്‍ജികളെ തരം തിരിക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ സര്‍ക്കാരിനായി ഹാജരായ അറ്റോണി ജനറലിനോടും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കപില്‍ സിബലിനും കോടതി നിര്‍ദ്ദേശം നല്‍കി. തിങ്കള്‍ച ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.