Kerala
സര്‍ക്കാറുമായി കരാറുണ്ടാക്കാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസ് വാങ്ങാന്‍ സര്‍ക്കാര്‍ അനുമതിസര്‍ക്കാറുമായി കരാറുണ്ടാക്കാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസ് വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി
Kerala

സര്‍ക്കാറുമായി കരാറുണ്ടാക്കാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസ് വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി

Damodaran
|
7 Dec 2017 5:28 PM GMT

കരുണ മെഡിക്കല്‍ കോളേജിന് 7.5 ലക്ഷം രൂപയും, കണ്ണൂര്‍ മെഡിക്കല്‍ കോളജിന് 10 ലക്ഷം രൂപയും ഫീസ് ഈടാക്കാന്‍ അനുമതി നല്‍കി

കരാറിലൊപ്പിടാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസ് നല്‍കി പ്രവേശനം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി. കരുണ മെഡിക്കല്‍ കോളേജിന് 7.5 ലക്ഷം രൂപയും, കണ്ണൂര്‍ മെഡിക്കല്‍ കോളജിന് 10 ലക്ഷം രൂപയും ഫീസ് ഈടാക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. പുതുതായി ലഭിച്ച 150 സീറ്റില്‍ 10 ലക്ഷം രൂപ ഫീസ് ഈടാക്കാന്‍ കെഎംസിടിക്കും അനുമതി നല്‍കുന്നതാണ് വിജ്ഞാപനം. വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ സ്ഥാപനങ്ങള്‍ക്ക് സുപ്രിം കോടതി അനുമതി നല്‍കി.

സംസ്ഥാന സര്‍ക്കാരുമായി കരാറിലേര്‍പ്പെടാത്ത കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ജെയിംസ് കമ്മറ്റി നിശ്ചയിച്ച് നല്‍കിയ ഫീസിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. 4.45 ലക്ഷം വരെ മാത്രമേ ഫീസ് അനുവദിക്കാവൂ എന്നതാണ് ഹരജിയിലെ സര്‍ക്കാര്‍ വാദം. ഇതിന് കടക വിരുദ്ധമായ നിലപാടുമായാണ് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. വിജ്ഞാപനത്തില്‍ കരുണ മെഡിക്കല്‍ കോളജിന്റെ 7.5 ലക്ഷം രൂപ ഫീസ് സംസ്ഥാന സര്‍ക്കാര്‍ ശരിവെക്കുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ പത്ത് ലക്ഷം രൂപയും. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ മേല്‍നോട്ട സമിതിയായ ലോധ കമ്മറ്റി പുതുതായി അനുവദിച്ച 150 സീറ്റുകളില്‍ കെഎംസിടിക്കും പത്ത് ലക്ഷം രൂപ വാങ്ങി പ്രവേശം നടത്താം.

ഈ 150 സീറ്റുകളില്‍ പ്രവേശം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎംസിടി നല്‍കിയ ഹരജി സുപ്രിം കോടതി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ ഫീസ് ശരിവെച്ച് പുറത്തിറക്കിയ വിജ്ഞാപനം മാനേജ്മെന്‍റുകള്‍ ഹാജരാക്കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശന നടപടികളുമായി മുന്നോട്ട് പോകാന്‍ സുപ്രിം കോടതി അനുമതി നല്‍കുകയും ചെയ്തു. കരുണയും, കണ്ണൂരും നിശ്ചയിച്ച ഫീസിനെതിരെ നല്‍കിയ ഹരജിയില്‍ അനുകൂല വിധി ഉണ്ടായാല്‍ അധികമായി ഈടാക്കുന്ന ഫീസ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ച് നല്‍കുമെന്ന ഉപാധി വിജ്ഞാപനത്തില്‍ വെച്ചിട്ടുണ്ട്. എന്നാല്‍, സുപ്രിം കോടതിയില്‍ നല്‍കിയ ഹരജിയില്‍ അടിയന്തരമായി പരിഗണിപ്പിക്കാന്‍ ഒരു ശ്രമവും നടത്താതെ, ഫീസ് ഘടന ശരിവെച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.

Related Tags :
Similar Posts