Kerala
Kerala

ശബരിമലയില്‍ ഭക്തരില്‍ ഒരുവിഭാഗം അനാചാരങ്ങളുടെ പിറകെ

Subin
|
8 Dec 2017 9:34 AM GMT

ശബരിമലയിലെ ആചാരങ്ങള്‍ക്കിടയിലേക്ക് അനാചാരങ്ങള്‍ തിരുകി കയറ്റുന്നവരില്‍ ഭൂരിപക്ഷവും ഇതര സംസ്ഥാനക്കാരായ തീര്‍ത്ഥാടകരാണ്.

കടുത്ത ആചാരനിഷ്ടയുള്ള ശബരിമലയില്‍ അനാചാരങ്ങളുടെ പിറകേ പോകുന്ന ഭക്തരേയും കാണാം. ഇതര സംസ്ഥാനക്കാരായ തീര്‍ത്ഥാടകരാണ് അനാചാരങ്ങളുടെ പിറകെ പോകുന്നവരില്‍ ഭൂരിപക്ഷവും. പതിവായി ചെയ്യുന്ന ആചാരങ്ങള്‍ക്കപ്പുറത്തേക്ക് ഒരു ഭക്തനും പോകേണ്ടതില്ല എന്ന നിലപാടാണ് തന്ത്രിയും പങ്കുവെയ്ക്കുന്നത്

പമ്പയില്‍ കുളിച്ച് ശുദ്ധി വരുത്തി അയ്യപ്പനെ മനസില്‍ ധ്യാനിച്ച് മല ചവിട്ടണം. കന്നി അയ്യപ്പനാണെങ്കില്‍ ശരംകുത്തിയില്‍ ശരം തറയ്ക്കും. പിന്നെ സന്നിധാനത്ത് തേങ്ങ ഉടച്ച് പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ തൊഴുക. ഒടുവില്‍ മാളികപ്പുറത്തമ്മയേയും, വാവര്‍ സ്വാമിയേയും കണ്ട് പ്രാര്‍ത്ഥിച്ച് മലയിറക്കം. ശബരിമലയിലെ ഈ ആചാരങ്ങള്‍ക്ക് പകരം പല വിധ അനാചാരങ്ങളാണ് ഭക്തര്‍ ഇപ്പോള്‍ പിന്തുടരുന്നത്. വഴിയില്‍ കല്ല് കൂട്ടിവെയ്ക്കലാണ് അനാചാരങ്ങളില്‍ മുന്‍പില്‍. ശബരിമലയ്ക്ക് പോകുന്ന വഴികളിലെല്ലാം ഇത് കാണാം. മാളികപ്പുറത്ത് പട്ടെറിയലാണ് ചിലരുടെ അനാചാരം. അങ്ങിങ്ങ് ചിതറി കിടക്കുന്ന പട്ടെടുത്ത് കൊണ്ടു പോകലും ചില അയ്യപ്പന്‍മാര്‍ ആചാരത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്.

വഴിയില്‍ കാണുന്ന മരങ്ങളില്‍ കുടമണി കെട്ടി പോകലും പലരും പിന്തുടരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ക്കിടയിലേക്ക് അനാചാരങ്ങള്‍ തിരുകി കയറ്റുന്നവരില്‍ ഭൂരിപക്ഷവും ഇതര സംസ്ഥാനക്കാരായ തീര്‍ത്ഥാടകരാണ്. വ്യക്തമായ ബോധവല്‍കരണം ഒന്ന് കൊണ്ട് മാത്രമേ ഇവ മാറ്റിയെടുക്കാനാകൂ.

Similar Posts