കയ്പമംഗലത്ത് യുഡിഎഫില്‍ അനിശ്ചിതത്വം തുടരുന്നു
|ആര്‍എസ്പി സ്ഥാനാര്‍ഥി കെ.എം നൂറുദീന്‍ പിന്മാറിയതോടെയാണ് ഇത്
ആര്‍എസ്പി സ്ഥാനാര്‍ഥി കെ.എം നൂറുദീന്‍ പിന്മാറിയതോടെ തൃശൂര്‍ ജില്ലയിലെ കയ്പമംഗലത്ത് യുഡിഎഫില്‍ അനിശ്ചിതത്വം തുടരുകയാണ്. പകരം സ്ഥാനാര്‍ഥിയെ കണ്ടെത്താനായുളള ശ്രമത്തിലാണ് ആര്‍എസ്പിയെങ്കില്‍ സീറ്റ് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
ആര്‍എസ്പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച കെ.എം നൂറുദ്ദീന്‍ ഇന്ന് രാവിലെയാണ് മത്സരരംഗത്ത് നിന്ന് പിന്മാറിയത്. ഇതോടെ പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലായി ആര്‍എസ്പി. പാര്‍ട്ടിയിലേക്ക് അടുത്തിടെ എത്തിയ ബാബു ദിവാകരന്റെ പേരും ആലോചിച്ചിരുന്നു. നൂറുദ്ദീന്റെ പിന്മാറ്റത്തെ തുടര്‍ന്ന് സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. കോണ്‍ഗ്രസ് പകരം സീററ് നല്‍കിയാല്‍ കയ്പമംഗലം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നാണ് ആര്‍എസ്പി പറയുന്നത്.
ടി.എന്‍ പ്രതാപനെ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് കയ്പമംഗലത്ത് വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു . പ്രതാപനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി. കെഎസ് യു നേതാവ് ശോഭ സുബിന്റെയും പേര് കയ്പമംഗലത്ത് കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.