രഞ്ജിയില്‍ കേരളത്തിന് സമനില
|ആദ്യ ഇന്നിങ്‌സിലെ ലീഡില്‍ കേരളത്തിന് മൂന്ന് പോയിന്റ് ലഭിച്ചു.
ഹൈദരാബാദിനെതിരെ ഭുവനേശ്വറില്‍ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് സമനില. മത്സരവും സമനിലയില്‍ പിരിഞ്ഞു. കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 517നെതിരെ ഫോളോഓണ്‍ വഴങ്ങിയ ഹൈദരാബാദ് മൂന്ന് വിക്കറ്റിന് 220 റണ്‍സെടുത്ത് നില്‍ക്കെ മത്സരം അവസാനിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സിലെ ലീഡില്‍ കേരളത്തിന് മൂന്ന് പോയിന്റ് ലഭിച്ചു.
ഹൈദരാബാദ് രണ്ടാമിന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണെടുത്തത്. 192 പന്തില്‍ നിന്ന് 120 റണ്‍സുമായി പുറത്താകാതെ നിന്ന ബി. അനിരുദ്ധാണ് മത്സരം സമനിലയിലെത്തിച്ചത്. 14 ഫോറും രണ്ട് സിക്‌സുമടിച്ച അനിരുദ്ധിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണിത്. നേരത്തെ ഒന്നാമിന്നിങ്‌സില്‍ മൂന്ന് വിക്ക്റ്റ് വീതം വീഴ്ത്തിയ സന്ദീപ് വാര്യരുടെയും മോനിഷിന്റെയും മികവില്‍ ഹൈദരാബാദിനെ കേരളം 281 റണ്‍സിന് പുറത്താക്കിയിരുന്നു. 236 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡാണ് കേരളം നേടിയത്.
ഒന്നാമിന്നിങ്‌സില്‍ ഇഖ്ബാല്‍ അബ്ദുള്ളയുടെ സെഞ്ച്വറിയുടെയും സച്ചിന്‍ ബേബി, ജലജ് സക്‌സേന എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെയും മികവില്‍ കേരളം ഒമ്പത് വിക്കറ്റിന് 517 റണ്‍സിന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രഞ്ജിയില്‍ കേരളത്തിന്റെ മൂന്നാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തില്‍ ജമ്മു കശ്മീരുമായി സമനിലയില്‍ പിരിഞ്ഞിരുന്ന കേരളം രണ്ടാം മത്സരത്തില്‍ ഹിമാചല്‍ പ്രദേശിനോട് പരാജയപ്പെട്ടിരുന്നു